സ്വന്തം കറന്‍സി നഷ്ടപ്പെട്ട സിംബാബ്വെ
1980 ഏപ്രില്‍ 18-ന് ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യമാണ് സിംബാബ്‌വെ. സ്വാതന്ത്ര്യാനന്തരം റൊഡേഷ്യന്‍ ഡോളറിനെ മാറ്റി സിംബാബ്‌വെ ഡോളര്‍ പകരം ഉപയോഗിക്കാന്‍ തുടങ്ങി. സിംബാബ്വിയന്‍ സമ്പദ് ഘടന കുതിച്ചുയരുന്നതാണ് പിന്നെ കാണാന്‍ കഴിഞ്ഞത്. ഒരുഘട്ടത്തില്‍ സിംബാബ്വെ ഡോളര്‍ അമേരിക്കന്‍ ഡോളറിനെ കവച്ചു വെയ്ക്കുന്ന അവസ്ഥവരെ ഉണ്ടായി. എന്‍പതുകളുടെ തുടക്കത്തില്‍ സിംബാബ്വെ ശക്തമായ വളര്‍ച്ചയും വികനസവും നേടി. ഇതിനിടയിലാണ് റോബര്‍ട്ട് മുഗാംബെ സിംബാബ്വെയുടെ ഭരണസാരഥിയാകുന്നത്. മുഗാംബെയുടെ ചില മണ്ടന്‍ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ നാണയപ്പെരുപ്പത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയായിരുന്നു.
സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയില്‍ നില്‍ക്കുന്നതിനിടെ അതായത് 1991-96 കാലഘട്ടത്തില്‍ ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കി തുടങ്ങിയപ്പോഴെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ മുഗാംബെ നടപ്പിലാക്കിയ ഭൂപരിഷ്‌കരണവും കോംഗോ യുദ്ധത്തില്‍ പങ്കെടുത്തതും സിംബാബ്‌വെയുടെ പതനം ഉറപ്പിച്ചു.
രാജ്യത്തെ തദ്ദേശീയരായ കറുത്ത വര്‍ഗക്കാര്‍ തങ്ങളുടെ കൊളോണിയല്‍ കാലത്ത് അനുഭവിച്ച കഷ്ടപ്പാടിന് പരിഹാരം കാണണം എന്ന ലക്ഷ്യത്തോടെയാണ് മുഗാംബെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയത്. വെള്ളക്കാരായിരുന്ന ഭൂഉടമകളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് അദ്ദേഹം കറുത്ത വര്‍ഗക്കാരെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തത്്്. അതുവരെ ഭൂമി ക്രയവിക്രയം ചെയ്യുകയോ കൃഷി എങ്ങനെ ചെയ്യണമെന്ന മുന്‍പരിചയമോ ഇല്ലാത്ത ഇവര്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ചു. വാങ്ങിയ വായ്പ തിരിച്ചടച്ചില്ലയെന്നു മാത്രമല്ല കാലാവസ്ഥക്ക് അനുസരിച്ച് കൃഷി ചെയ്യുന്നതിലും അവര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് രാജ്യത്തെ ധാന്യ ഉത്പാദനം നശിച്ചു, കൃത്യ സമയത്ത് വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്കുകള്‍ തകര്‍ന്നു, 2008-ഓടെ രാജ്യത്തെ തൊഴിലില്ലായ്മ 80 ശതമാനമായി.
ഇതിനിടയില്‍ സിംബാബ്‌വെ കോംഗോയുടെ ആഭ്യന്തര യുദ്ധത്തില്‍ തലയിടുക കൂടി ചെയ്തു. അപ്പോള്‍ യുദ്ധചിലവിനായി രാജ്യം വന്‍ തുക കണ്ടെത്തേണ്ടി വന്നു. കൂടാതെ പ്രതിമാസം 22 ദശലക്ഷം ഡോളര്‍ ഐഎംഎഫിന് നല്‍കേണ്ടിയും വന്നു. നാണയപ്പെരുപ്പത്തിലേക്ക് സിംബാബ്‌വേ കൂപ്പുകുത്തി. രാജ്യത്തെ റിസര്‍വ് ബാങ്ക് തങ്ങളുടെ അവസ്ഥയ്ക്ക് കാരണം ഐഎംഎഫും യുഎസും യൂറോപ്യന്‍ യൂണിയനുമാണെന്ന് കുറ്റപ്പെടുത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് രാജ്യത്തെ വസ്തുവകകള്‍ കണ്ടു കെട്ടുകയും വിസാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് സിംബാബ്‌വേയുടെ സ്ഥിതി കൂടുതല്‍ വഷളാക്കി.
രാജ്യത്ത് പട്ടിണി പടര്‍ന്നുപിടിച്ചു. ഒരിക്കല്‍ അമേരിക്കന്‍ ഡോളറിന് വെല്ലുവിളി ഉയര്‍ത്തിയ സിംബാബ്‌വേ ഡോളര്‍ തകര്‍ന്നു തരിപ്പണമായി. ഒരു അമേരിക്കന്‍ ഡോളറിനോട് കിടപിടിക്കാന്‍ 3.5 കോഡ്രില്യണ്‍ സിംബാബ്‌വേ ഡോളര്‍ വേണ്ടി വന്നു. അതായത് ഒരു ചായ വാങ്ങാന്‍ നോട്ടുകെട്ടുകളുമായി കടയില്‍ പോകേണ്ട അവസ്ഥ. അങ്ങനെ സിംബാബ്‌വേക്ക് തങ്ങളുടെ കറന്‍സി നഷ്ടമായി. തുടര്‍ന്ന് വിനിമയത്തിനായി അമേരിക്കന്‍ ഡോളറും ദക്ഷിണാഫ്രിക്കന്‍ കറന്‍സിയും ഉപയോഗിക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ 400 ദശലക്ഷം ഡോളര്‍ കടം എഴുതി തള്ളിയ ചൈനയുടെ യുവാനെ സിംബാബ്‌വേയുടെ കറന്‍സിയായി പ്രഖ്യാപിക്കുകയുണ്ടായി. മുഗാംബെയുടെ ഈ നടപടിയെങ്കിലും രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോയെന്ന് അറിയാന്‍ ഉറ്റുനോക്കി യിരിക്കുകയാണ് സാമ്പത്തിക ലോകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha