ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റ് സുരക്ഷിതമല്ല, ലോകം ഭീതിയില്‍
ലോകവ്യാപകമായി ബാങ്കുകള്‍ പ്രതിദിനം ബില്ല്യണ്‍ ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്മ്യൂണിക്കേഷന്‍) സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. തങ്ങള്‍ക്ക് നേരെ ചില സൈബര്‍ ആക്രമണങ്ങള്‍ നടന്നെന്ന് സ്വിഫ്റ്റ് അധികൃതര്‍ തന്നെയാണ് അറിയി ച്ചിരിക്കുന്നത്. ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ 81 ദശലക്ഷം ഡോളറിന്റെ സൈബര്‍ കൊള്ള നടന്നതിന് ശേഷം നടത്തിയ അന്വേഷണമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 81 ദശലക്ഷം ഡോളര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈബര്‍ മോഷ്ടാക്കള്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ്വ് ബാങ്കിലെ അക്കൗണ്ടില്‍ നിന്നായിരുന്നു പണം നഷ്ടമായത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ സ്വിഫ്റ്റ് സോഫ്റ്റ്‌വെയറിലെ വിവരങ്ങളും ഇപ്പോഴുള്ളത്. സ്വിഫ്റ്റ് സോഫ്റ്റ്‌വെയറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെന്നാണ് സൂചന.
ബംഗ്ലാദേശിലെ സെന്‍ട്രല്‍ ബാങ്കിന് നേരെ നടന്ന സൈബര്‍ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് സ്വിഫ്റ്റ് അധികൃതരുടെ പുതിയ വെളിപ്പെടുത്തല്‍ എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആഗോളതലത്തില്‍ 11000-ത്തിലേറെ ധനകാര്യ സ്ഥാപനങ്ങള്‍ സ്വിഫ്റ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ സോഫ്റ്റ്‌വെയര്‍ സ്വിഫ്റ്റ് അപ്‌ഡേറ്റ് ചെയ്യുകയും ഇക്കാര്യം അറിയിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. മെയ് 12-ന് മുമ്പ് തന്നെ എല്ലാ ഉപഭോക്താക്കളും സെക്യൂരിറ്റി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് സ്വിഫ്റ്റ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേകം സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. മുന്നറിയിപ്പ് നല്‍കിയ വിവരം സ്വിഫ്റ്റ് അധികൃതര്‍ തന്നെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് സ്ഥിരീകരിച്ചിട്ടുണ്ട്. 3000-ത്തിലേറെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉടമസ്ഥാവകാശമുള്ള ആഗോളതലത്തിലുള്ള ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക-വിവര-കൈമാറ്റ-ശൃംഖലയാണ് സ്വിഫ്റ്റ്.
സൈബര്‍ കൊള്ളക്കാര്‍ വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും മോഷ്ടിക്കുന്നത് അവസാനിപ്പിച്ച് ഇപ്പോള്‍ വന്‍കിട ബാങ്കുകളുടെ പിറകെയാണെന്നാണ് സ്വിഫ്റ്റിന്റെ വക്താവ് ഷൈന്‍ ഷൂക്ക് തന്നെ വ്യക്തമാക്കിയത്. കുറഞ്ഞ പരിശ്രമം കൊണ്ട് കൂടുതല്‍ പണലഭ്യതയാണ് ഇതിന് ഹാക്കര്‍മാരെ പ്രേരിപ്പിക്കുന്നത്. ബംഗ്ലാദേശ് ബാങ്ക് കൊള്ളക്ക് ശേഷം ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha