ഇനി നക്ഷത്ര രാവുകള്‍ , ക്രിസ്‌തുമസ് വിപണി സജീവമായി
ക്രിസ്‌തുമസിന് ഇനിയും ആഴ്ചകള്‍ ബാക്കിയുണ്ടെങ്കിലും കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികള്‍ വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍ ഒരുക്കിയാണ് ഇത്തവണയും വിപണിയില്‍ സജീവമായത്. മൂപ്പത് രൂപ മുതല്‍ 250 രൂപ വരെ വിലയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള നക്ഷത്രങ്ങള്‍ക്കും, മഴയത്തും വെയിലത്തും നശിച്ചുപോകാത്ത പ്ലാസ്റ്റിക് കോട്ടിംഗ് നക്ഷത്രങ്ങള്‍ക്കും ഗില്‍റ്റഡ് നക്ഷത്രങ്ങള്‍ക്കും അഞ്ചും ഏഴും കാലുകളുള്ള വെള്ള നക്ഷത്രങ്ങള്‍ക്കുമാണ് ക്രിസ്മസ് വിപണിയില്‍ ആവശ്യക്കാരേറെയുള്ളത്. 250 രൂപമുതല്‍ 600 രൂപവരെയാണ് എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ക്ക് വില. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും ആവശ്യക്കാര്‍ കൂടുതലുള്ളതും വെള്ളനക്ഷത്രങ്ങള്‍ക്കാണെന്ന് പഴവങ്ങാടിയിലെ വ്യാപാരിയായ ഷെറീഫ് എം.വി പറഞ്ഞു.
ക്രിസ്‌തുമസ് ട്രീയില്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ചെറിയ നക്ഷത്രങ്ങള്‍ക്ക് 10 രൂപാ മുതലാണ് വില. ഉണ്ണിയേശുവിന്റെയും മറ്റും രൂപങ്ങളില്‍ തീര്‍ത്ത നക്ഷത്രങ്ങളുമുണ്ട്. 60 രൂപ മുതല്‍ 190 രൂപവരെയാണ് വില. ഗില്‍റ്റഡ് പേപ്പറില്‍ തീര്‍ത്ത നക്ഷത്രങ്ങള്‍ 375 മുതല്‍ 600 വരെ വിലവരുന്നുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് തലസ്ഥാനത്തേക്ക് നക്ഷത്രങ്ങളെത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നക്ഷത്രങ്ങളുടെ വിലയിലും അല്‍പം മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 രൂപയുടെ വര്‍ധനയാണ് ഇത്തവണ. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നക്ഷത്രങ്ങളും വിപണിയില്‍ സജ്ജീവമാണ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമെത്തുന്ന നക്ഷത്രങ്ങള്‍ക്ക് ഇവിടെ നിര്‍മ്മിക്കുന്ന നക്ഷത്രങ്ങളെക്കാള്‍ വിലകൂടുതലാണ്.
ഇത് കൂടാതെ സാന്താക്ലോസിന്റെ വേഷവിധാനങ്ങളും വിപണിയിലുണ്ട്. ഒരു വയസ് പ്രായമുള്ള കുട്ടികള്‍ക്കും സാന്താക്ലോസിന്റെ വേഷം ലഭിക്കും. 250 രൂപയാണ് വില. ഗുണമേന്മ കൂടിയ വെല്‍വറ്റ് മോഡല്‍ വേഷവും ലഭിക്കുമെങ്കിലും ഇതിന് 1800 രൂപവരെയാണ് വില. 35 മുതല്‍ 2600 രൂപവരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലെത്തി. റീത്ത്, ക്രിസ്മസ് ബോളുകള്‍, ലൈറ്റുകള്‍, വര്‍ണക്കടലാസുകള്‍ തുടങ്ങിയ അലങ്കാരവസ്തുക്കള്‍ക്കും പുല്‍ക്കൂട് സെറ്റിനും ആവശ്യക്കാരേറെയാണ്.
ഇവകൂടാതെ കൂടാതെ അലങ്കാര ബള്‍ബുകള്‍, വര്‍ണ വിസ്മയം തൂകുന്ന തോരണങ്ങള്‍, ക്രിസ്മസ് ട്രീ, ഉണ്ണിയേശുവിന്റേയും മാതാവും, യൗസേഫ് പിതാവും രാജാക്കന്‍മാരും ആട്ടിടയന്‍മാരുമെല്ലാം ഉള്‍പെടുന്ന ഉണ്ണീശോ സെറ്റുകളും വിപണിയിലുണ്ട്. ഉണ്ണീശോ സെറ്റ് വെക്കുന്നതിനുള്ള പുല്‍ക്കൂടുകളും സുലഭമാണ്. ചൂരല്‍, പ്ലൈവുഡ്, തെര്‍മോകോള്‍ എന്നിവ ഉപയോഗിച്ചുള്ള പുല്‍കൂടുകളും വിപണിയില്‍ ലഭ്യമാണ്. പ്ലൈവുഡിന്റേത് 100 മുതല്‍ വിപണിയില്‍ ലഭ്യമാണ്. മടക്കി സൂക്ഷിക്കാമെന്നതാണ് ഇത്തവണത്തെ പ്ലൈവുഡ് പുല്‍ക്കൂടിനുള്ള പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha