മദ്യനയം തിരിച്ചടിയായെന്ന് ടൂറിസം വകുപ്പിന്റെ പഠനം
പുതുക്കിയ എക്‌സൈസ് നയം മൂലം സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് വന്‍ തകര്‍ച്ച ഉണ്ടായതായി പഠന റിപ്പോര്‍ട് . വിദേശ സഞ്ചാരികളുടെ വരവും യോഗങ്ങളും ആഘോഷങ്ങളും വിവാഹം പോലുള്ള സംഭവങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു കേരളത്തിലെ ടൂറിസം രംഗം കഴിഞ്ഞ വര്‍ഷം വളര്‍ന്നില്ലെന്നു മാത്രമല്ല ആറുശതമാനം ഇടിവും ഉണ്ടായി. നാലു വര്‍ഷം തുടര്‍ച്ചയായി വളര്‍ന്ന ശേഷം 2015ല്‍ അതായത് എക്‌സൈസ് നയം മാറിയ വര്‍ഷം ടൂറിസം വരുമാനത്തിലും പെട്ടെന്ന് ഇടിവുണ്ടായെന്നാണു പഠനഫലം
ശ്രീലങ്ക, ഗോവ പോലെ അയല്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത മല്‍സരവും 15 ലക്ഷത്തിലേറെ പേര്‍ക്കു തൊഴില്‍ നല്‍കുന്ന കേരള ടൂറിസത്തിന്റെ തളര്‍ച്ചയ്ക്കു കാരണമാണ്. എന്നാല്‍ മൈസ് രംഗത്തെ (മീറ്റിങ്, ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, ഈവന്റ്‌സ്) നെഗറ്റീവ് വളര്‍ച്ചയ്ക്കു കാരണം എക്‌സൈസ് നയമാണെന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മൈസ് ടൂറിസത്തില്‍ ഉല്ലാസം പ്രധാന ഘടകമാണ്. എക്‌സൈസ് നയം മൂലം ഉല്ലാസം ഇല്ലാതാവുമെന്ന ധാരണ പരന്നത് ബുക്കിങ്ങുകള്‍ വന്‍തോതില്‍ റദ്ദാകാന്‍ കാരണമായി. മാത്രമല്ല ദേശീയ, രാജ്യാന്തര സമ്മേളനങ്ങള്‍ക്കായി കേരളത്തെ പരിഗണിക്കാതെയായി.
എക്‌സൈസ് നയത്തിലെ പാളിച്ചയ്ക്കു പുറമേ ഉയര്‍ന്ന നികുതികള്‍ ഉണ്ടാക്കുന്ന അധികച്ചെലവും മല്‍സരത്തില്‍ കേരളം പിന്തള്ളപ്പെടാന്‍ ഇടയാക്കുന്നുണ്ട്. കേരള ടൂറിസം ബിസിനസിന്റെ പാതി മൈസ് രംഗത്തു നിന്നാണ്. 50% ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമ്മേളനങ്ങളും സംഭവങ്ങളും ബുക്ക് ചെയ്യുന്നുണ്ട്. അതിലെ തകര്‍ച്ച അതിനാല്‍ കനത്ത അടിയാവുന്നു.
വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ കേരള ടൂറിസം ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്നു ടൂറിസം സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. താഴോട്ടുള്ള പ്രയാണം തടയാനും അടുത്ത കുതിപ്പിനു തയാറെടുക്കാനും നടപടികള്‍ അനിവാര്യമായി. എക്‌സൈസ് നയത്തിലെ മാറ്റവും അതിന്റെ ഭാഗമാണ്.
തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ പഠനം ശുപാര്‍ശ ചെയ്യുന്ന മാര്‍ഗങ്ങള്‍ ഇവയ്‌യാണ് ,എക്‌സൈസ് നയത്തിലെ മാറ്റം, ആഡംബര നികുതി നിരക്കുകള്‍ കുറയ്ക്കുക, പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഹര്‍ത്താലുകള്‍ നിയന്ത്രിക്കുക, കേരളത്തിലേക്കുള്ള വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുക.
പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി എ.സി.മൊയ്തീനും മുന്നില്‍ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിശദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha