റിഫൈനറി വികസനത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കൊച്ചി എണ്ണശുദ്ധീകരണശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ നടക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി റിഫൈനറി രാജ്യത്തെ ഏറ്റവും മുന്‍നിര റിഫൈനറിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമ്പലമുകളില്‍ ഭാരത് പെട്രോളിയത്തിന്റെ റിഫൈനറി സന്ദര്‍ശിച്ച ശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണു ബിപിസിഎല്‍ കൊച്ചി റിഫൈനറി. സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറിക്കു നല്ല പിന്തുണ നാടും ജനങ്ങളും നല്‍കുന്നുണ്ട്. ഇവിടത്തെ തൊഴിലാളി- മാനേജ്മെന്റ് ബന്ധവും ഊഷ്മളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റിഫൈനറിയിലെ പുതിയ ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനവും സംസ്ഥാന പോലീസിനു കൈമാറിയ ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. സംയോജിത റിഫൈനറി വികസന പദ്ധതി പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം വൃക്ഷത്തൈ നട്ടു. കരാര്‍ തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha