ഇരട്ട സ്വര്‍ണത്തിന്റെ തിളക്കവുമായി കേരളാ ടൂറിസം
പ്രശസ്തമായ പെസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റ) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസത്തിന് ഇരട്ട സ്വര്‍ണനേട്ടം. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ സ്ഥാനമുറപ്പിക്കാന്‍ സഹായകമായ നൂതന വിപണന മാതൃകകളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരങ്ങള്‍. 'മാര്‍ക്കറ്റിംഗ് മീഡിയ' മേഖലയില്‍ കേരളം സ്വന്തമാക്കിയ രണ്ട് പുരസ്‌കാരങ്ങള്‍ 'സംപ്രേഷണ മാധ്യമങ്ങളിലെ യാത്രാപരസ്യം', 'ഇന്യൂസ്‌ലെറ്റര്‍' എന്നീ വിഭാഗങ്ങളിലായാണ്. 'വിസിറ്റ് കേരള' ടെലിവിഷന്‍ പരസ്യം, ഏറെ പ്രചാരം നേടിയ കേരള ടൂറിസം ഇന്യൂസ്‌ലെറ്റര്‍ എന്നിവയ്ക്കാണ് ഈ പുരസ്‌കാരങ്ങള്‍.
സെപ്തംബര്‍ ഒന്‍പതിന് ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ പാറ്റ ട്രാവല്‍മാര്‍ട്ടിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായി ആഗോളതലത്തില്‍ 71 വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നുമായി 212 അപേക്ഷകള്‍ ലഭിച്ചിരുന്നു.
വിനോദസഞ്ചാരികളില്‍ 'ദൈവത്തിന്റെ സ്വന്തം നാടി'ന് ലഭിക്കുന്ന തനതായ സ്വീകാര്യത പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള വിപണന, പ്രചാരണ പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാവുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ഇനിയും ഇത്തരം ബഹുമതികള്‍ ഇവ നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിസിറ്റ് കേരള ക്യാംപെയിന്റെ ലക്ഷ്യത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വിസിറ്റ് കേരള പരസ്യങ്ങള്‍ കേരള ടൂറിസത്തിന്റെ ക്രിയേറ്റീവ്, ബ്രാന്‍ഡിംഗ് ഏജന്‍സിയായ സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സാണ് ആശയവും ആവിഷ്‌കാരവും ചെയ്തിരിക്കുന്നത്. ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് കേരള ടൂറിസം ഇ ന്യൂസ്‌ലെറ്റര്‍ രൂപകല്‍പ്പന ചെയ്യുന്നത്.
ഇത്തവണത്തെ പാറ്റ പുരസ്‌കാരങ്ങള്‍ കേരളത്തിന് നേട്ടങ്ങളുടെ തുടര്‍ച്ചയാണ്. ഉയര്‍ന്നുവരുന്ന വിനോദ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ പെടുത്തി കേരളത്തിന് 2015ലെ പാറ്റ സിഇഒ ചാലഞ്ച് അവാര്‍ഡ് ലഭിച്ചിരുന്നു. പൈതൃകസാംസ്‌കാരിക വിഭാഗത്തില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ പേരില്‍ കേരളം പാറ്റ സുവര്‍ണപുരസ്‌കാരത്തിനും അര്‍ഹമായി.
https://www.facebook.com/Malayalivartha