ചെക്കില്‍ അക്കം മാത്രം തിരുത്തുന്നത് തിരിമറിയല്ലെന്ന് കോടതി
ബാങ്ക് ചെക്കിന്റെ തുക അക്ഷരത്തിലെഴുതിയതു തിരുത്താതെ അക്കത്തില്‍ മീതെ എഴുതി എന്നതു മാത്രം കൊണ്ട് ചെക്ക് തിരിമറി നടന്നെന്നു കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. അക്കത്തിനു മീതെ എഴുതുന്നതും മാറ്റം വരുത്തലായി ചിലപ്പോള്‍ കണക്കാക്കാമെങ്കിലും അക്ഷരത്തില്‍ തുകയെഴുതിയതു സംശയത്തിനിടയില്ലാത്ത വിധം വ്യക്തത നല്‍കുന്നെങ്കില്‍ തിരിമറിയായി കണക്കാക്കരുതെന്നു കോടതി പറഞ്ഞു.
വായ്പ തിരിച്ചുനല്‍കാന്‍ കടക്കാരന്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ തുകയില്ലാതെ മടങ്ങിയതിനെ തുടര്‍ന്നുള്ള കേസാണു കോടതി പരിഗണിച്ചത്. ചെക്കില്‍ രേഖപ്പെടുത്തിയ തുകയില്‍ അക്കത്തിലെഴുതിയ ഒരു പൂജ്യത്തിന്റെ മീതെയെഴുതിയിട്ടുണ്ടെന്ന അപാകത ചൂണ്ടിക്കാട്ടി പരാതി തള്ളിയതാണു അപ്പീലിന് ആധാരം. അക്ഷരത്തില്‍ തുകയെഴുതിയതു തിരുത്തിയിട്ടില്ലെന്നിരിക്കെ, അക്കത്തില്‍ മാത്രം തിരുത്തല്‍ വരുത്തുന്നതു നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 87-ാം വകുപ്പില്‍ പറയുന്ന പ്രകാരം തിരിമറിയാവില്ലെന്നു കോടതി വ്യക്തമാക്കി.
പരാതിക്കാരനായ പി.കെ.രാജന്‍ ബാങ്കില്‍ ഹാജരാക്കിയ ചെക്കില്‍ തിരിമറിയുണ്ടെന്നു കണ്ട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ വിട്ടയച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു കോടതി നടപടി. പ്രതിയെ വിട്ടയച്ചതു റദ്ദാക്കിയ കോടതി, പരാതി പുനഃപരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കീഴ്‌ക്കോടതിക്കു നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha