കൊച്ചി തുറമുഖം കടത്തില്‍ മുങ്ങി
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, വായ്‌പകളുടെ പിഴപ്പലിശ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കാനുള്ള 729.31 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിരസിച്ചു.
1937 മുതല്‍ 2010 വരെയുളള കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുറമുഖട്രസ്റ്റിനു നല്‍കിയ 71 വായ്‌പകളുടെ വായ്‌പാസംഖ്യ 254.14 കോടി രൂപയാണ്. ഈ തുകയുടെ പിഴപ്പലിശ മാത്രം തന്നെ 729 കോടി രൂപയ്‌ക്കു മേലെയായി. പിഴപ്പലിശ എങ്കിലും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തെ സമീപിച്ചിരുന്നുവെങ്കിലും ഫയല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. കാബിനറ്റിനു മുമ്പാകെ ഫയല്‍ എത്തുമെന്ന പ്രതീക്ഷയും ഇല്ലാതാകുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലുള്‍പ്പെടുത്തിയ അടിസ്ഥാന സൗകര്യ വികസനത്തിനും വല്ലാര്‍പാടം പദ്ധതിയുടെ മുന്നൊരുക്ക ജോലികള്‍ക്കുമായി നല്‍കിയ പണമാണ് കേന്ദ്ര സര്‍ക്കാര്‍ വായ്‌പയായി കണക്കാക്കുന്നത്. എന്നാലും ഈ വായ്‌പ തിരിച്ചടയ്‌ക്കാന്‍ സന്നദ്ധമാണെന്ന് പോര്‍ട്ട് ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തുറമുഖത്തെ തകര്‍ക്കുന്ന വിധത്തിലുള്ള പിഴപ്പലിശ മാത്രം ഒഴിവാക്കണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം. കടം കൂടിയതിനാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ബാങ്കുകളെ സമീപിക്കാനും കഴിയാത്ത സ്ഥിതിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കടം നിലനില്‍ക്കുന്നതിനാല്‍ വായ്‌പ അനുവദിക്കാനാവില്ലെന്ന നിലപാടാണ് ബാങ്കുകള്‍ക്കുള്ളത്. ജീവനക്കാരുടെ ശമ്പള വര്‍ദ്ധന, ഡ്രഡ്‌ജിംഗ് ചെലവുകളുടെ വര്‍ദ്ധന എന്നിവയെല്ലാം നേരിടുന്നതിനാല്‍ കടങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ തുറമുഖം കടുത്ത പ്രതിസന്ധിയിലാവും.
https://www.facebook.com/Malayalivartha