പുതിയ പോളിസിക്കൊപ്പം ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കി
ഇന്‍ഷുറന്‍സ് പോളിസി നഷ്ടപ്പെട്ടാലും ഇനി പേടിക്കേണ്ട. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ പോളിസികള്‍ക്കൊപ്പം ഇ- ഇന്‍ഷുറന്‍സ് അക്കൗണ്ട് നിര്‍ബന്ധമാക്കി. പോളിസി നല്‍കുന്ന കമ്പനിതന്നെ ഇ പോളിസി അക്കൗണ്ട് തുടങ്ങാന്‍ സൗകര്യവും ഒരുക്കിത്തരും. നിലവിലുള്ള പോളിസിയുടമകള്‍ക്ക് സ്വന്തം നിലയിലും ഇ- പോളിസി സൗകര്യം ലഭ്യമാക്കാം. വിവിധ പോളിസികള്‍ ഒരേയിടത്തുതന്നെ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ക്‌ളെയിമിന്റെ സമയത്ത് പോളിസി ഹാജരാക്കല്‍ ഇതുവഴി എളുപ്പമാകും.
പോളിസികള്‍ ഹാജരാക്കിയാലേ പണം ക്‌ളെയിം ചെയ്യാനാവൂ എന്നതിനാല്‍ 5000 കോടിയിലധികം രൂപയാണ് വിവിധ കമ്പനികളില്‍ ഉപഭാക്താക്കള്‍ക്ക് ലഭ്യമാകാതെ കിടക്കുന്നത്. പോളിസിയുടമകള്‍ക്ക് അധികചെലവുകള്‍ ഇല്ലാതെയാണ് ഇ ഇന്‍ഷുറന്‍സ് അക്കൗണ്ട് അനുവദിക്കുന്നത്. ഇലക്ട്രോണിക് രൂപത്തില്‍ പോളിസികള്‍ സൂക്ഷിക്കുന്നതിന് റെപ്പോസിറ്ററികള്‍ക്കാവശ്യമായ ഫീസ് നല്‍കുന്നത് കമ്പനികളാണ്. പ്രിന്റ് ചെയ്യുന്നതിനും തപാലില്‍ അയക്കുന്നതിനുമുള്‍പ്പെടെയുള്ള ചെലവുകള്‍ വെച്ചുനോക്കുമ്പോള്‍ ഇതാണ് കമ്പനികള്‍ക്കും ലാഭം.
ഇ ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്നതിന് തിരിച്ചറിയല്‍ രേഖ (ആധാര്‍, പാന്‍), മേല്‍വിലാസരേഖ, ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവയാണ് വേണ്ടത്. അംഗീകൃത റെപ്പോസിറ്ററികളുടെ വെബ്‌സൈറ്റുവഴിയാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ അക്കൗണ്ട് നമ്പര്‍ പുതിയ പോളിസി വാങ്ങുമ്പോള്‍ കമ്പനിക്ക് നല്‍കിയാല്‍ മതി. അല്ലാത്തപക്ഷം കമ്പനി അക്കൗണ്ട് തുടങ്ങാന്‍ സഹായിക്കും. ഉപഭോക്തൃ സേവനങ്ങള്‍ക്കായി റെപ്പോസിറ്ററികള്‍ നിയോഗിച്ചിരിക്കുന്ന അംഗീകൃത വ്യക്തികള്‍ വഴിയും അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങാനുള്ള ഫോറം പൂരിപ്പിച്ച് രേഖകള്‍ സഹിതം ഇവര്‍ക്ക് നല്‍കിയാല്‍ മതി. നിലവിലുള്ള പോളിസിയുടമകള്‍ക്ക് ഇലക്ട്രോണിക് രൂപത്തിലേക്ക് പോളിസി മാറ്റണമെങ്കില്‍ റെപ്പോസിറ്ററിയുടെ വെബ്‌സൈറ്റുവഴിയും കമ്പനിയെ സമീപിച്ചും അപേക്ഷ നല്‍കാം. അക്കൗണ്ട് ഉടമക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തുടര്‍നടപടികള്‍ക്ക് നോമിനിയെയും നിര്‍ദേശിക്കാനാവും. സി.എ.എം.എസ്, കാര്‍വി, സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപ്പോസിറ്ററി, എന്‍.എസ്.ഡി.എല്‍ ഡാറ്റാബേസ് മാനേജ്‌മെന്റ്, എസ്.എച്ച്.സി.ഐ.എല്‍ എന്നിവയാണ് അഞ്ച് അംഗീകൃത റെപ്പോസിറ്ററികള്‍.
https://www.facebook.com/Malayalivartha