ഓയില്‍ റിസര്‍വ് എത്രയുണ്ടെന്ന് സൗദി വെളിപ്പെടുത്താന്‍ പോകുന്നു; എണ്ണവില മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
സൗദി അറേബ്യ തങ്ങളുടെ കൈവശമുള്ള എണ്ണയുടെ അളവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള സൗദി അരാംകോ ഐ പി ഓ ആണ് ഏറ്റവും നല്ല രീതിയില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നു സൗദി എനര്‍ജി മിനിസ്റ്റര്‍ പറഞ്ഞു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതും എനര്‍ജി സെക്റ്ററിലെ ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്നതുമായ കണക്കുകള്‍ ആണ് പുറത്തു വരാന്‍ പോകുന്നത്. അരാംകോയിലെ ഷെയറുകള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണിതെല്ലാം എന്നതാണ് ശ്രദ്ധേയമായ കാര്യം. സൗദി രാജ്യത്തെ ഭൂമിക്കടിയില്‍ ഉള്ള ക്രൂഡ് ഓയിലിന്റെ അളവ് ഇന്നും കൃത്യമായി അവതരിക്കപ്പെട്ടില്ല.
ഇതിനിടയില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണി വീണ്ടും ഇടിയുന്നു. ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന വിപണി വീണ്ടും കര കയറിയിരുന്നു. ഇതിനിടയിലാണ് പ്രതിസന്ധി രൂക്ഷമാകുന്നതായി മുന്നറിയിപ്പ് നല്‍കി വീണ്ടും ഇടിഞ്ഞത്. നിലവില്‍ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍ വിപണനം. രണ്ടാഴ്ചയായി ബാരലിന് 50 ഡോളറില്‍ താഴെ തുടരുന്ന എണ്ണ വില വീണ്ടും താഴേക്കു പോവുകയായിരുന്നു.
ബ്രെന്‍ഡ് ക്രൂഡിന് 50 സെന്റ് കുറഞ്ഞ് 44.25 ഡോളറിലെത്തി. നെയ്‌മെക്‌സ് ക്രൂഡ് 57 സെന്റ് കുറഞ്ഞ് 42.84 ഡോളറാണ് വില. ലോകത്തെ എണ്ണ ഉല്‍പന്ന നിര്‍മ്മാതാക്കളായ പ്രമുഖ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കുമെന്ന ഏകദേശ ധാരണ പുറത്തു വന്നതിനു പിന്നാലെയാണ് വിപണി വീണ്ടും ഇടിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനത്തില്‍ അന്തിമ തീരുമാനം കൈ കൊള്ളാനായി എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഈ മാസം 30 ന് യോഗം ചേരാനിരിക്കെയാണ് വിലയിടിവ് രേഖപ്പെടുത്തിയത്.
യോഗം പരാജയപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതും ഡോളറിനു ശക്തി പ്രാപിച്ചതും എണ്ണ വില കുറയാന്‍ കാരണമായി. എണ്ണ ഉല്‍പാദനം കുറയ്ക്കണമെന്ന് തീരുമാനിച്ച ഒപെക് തന്നെ ഒക്ടോബര്‍ മാസം നടത്തിയത് റെക്കോര്‍ഡ് ഉല്‍പാദനമാണെന്ന കണക്കുകളും വിപണിയെ സ്വാധീനിച്ചതായാണ് വിലയിരുത്തല്‍. 33.6 മില്യണ്‍ ബാരലായിരുന്നു വെള്ളിയാഴ്ചയിലെ ഉല്‍പാദനം. ഒപെക്കിന്റെ പ്രതിദിന ഉല്‍പാദനം 3.25 മുതല്‍ 3.30 കോടി ബാരലിലേക്ക് ചുരുക്കണമെന്ന തീരുമാനം പാളുകയും അംഗരാജ്യങ്ങള്‍ ഉയര്‍ന്ന ഉല്‍പാദനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ വീണ്ടും വിലയിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha