ജിഎസ്ടി: എല്ലാ നികുതിയും കേന്ദ്രത്തിനെന്ന് മന്ത്രി; സാദ്ധ്യമല്ലെന്നു സംസ്ഥാനങ്ങള്‍
ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാന പ്രകാരമുള്ള താഴ്ന്ന വരുമാനക്കാരുടെ സേവന നികുതി പിരിക്കാനുള്ള അവകാശത്തെച്ചൊല്ലി തര്‍ക്കം തുടരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ അനൗപചാരിക യോഗത്തിലും ഇക്കാര്യത്തില്‍ സമവായമായില്ല. യോജിച്ച തീരുമാനം എടുക്കുന്നതിനായി ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച നടക്കും. 25നു ജിഎസ്ടി കൗണ്‍സിലും യോഗം ചേരും.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണു രാഷ്ട്രീയ പരിഹാരം തേടി ഇന്നലെ അനൗപചാരിക യോഗം ചേര്‍ന്നത്. എല്ലാ ഗണത്തിലും സേവന നികുതി തങ്ങള്‍ പിരിക്കുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍, 1.5 കോടി രൂപയില്‍ താഴെ വരുമാനമുള്ളവരുടെ സേവന നികുതി പിരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന നിലപാടില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നു യോഗത്തിനുശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു.
സമവായത്തിലെത്താനായില്ലെന്നും 25നു ചര്‍ച്ച തുടരുമെന്നുമായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം.
സേവനനികുതിദായകരില്‍ ഏകദേശം എണ്‍പതു ശതമാനത്തോളം 1.5 കോടിയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ്. ഇവരില്‍നിന്നു നികുതി പിരിക്കാനുള്ള അവകാശം തങ്ങള്‍ക്കു വേണമെന്നു കേരളം, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, യുപി, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കര്‍ശന നിലപാടെടുത്തു. എന്നാല്‍, കേന്ദ്രം വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ചില സമവായ ഫോര്‍മുലകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മൂന്നില്‍രണ്ടിന്റെ നികുതി സംസ്ഥാനവും ബാക്കി കേന്ദ്രവും പിരിക്കുകയെന്നതാണ് ഇതിലൊന്ന്. ഇവയുള്‍പ്പെടെയുള്ള സാധ്യതകള്‍ അടുത്ത 25നു വിശദ ചര്‍ച്ചയ്ക്കു വിധേയമാക്കും.
https://www.facebook.com/Malayalivartha