മാരുതി സുസുക്കി റിറ്റ്‌സ്‌ന് വിട, പകരം ഇഗ്‌നിസ്
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ റിറ്റ്‌സിന്റെ നിര്‍മാണം പൂര്‍ണമായും അവസാനിപ്പിച്ചേക്കും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് കണക്കു പ്രകാരം കഴിഞ്ഞ രണ്ടു മാസമായി ഒരു റിറ്റ്‌സ് മോഡല്‍ പോലും കമ്ബനി ഉല്‍പ്പാദിപ്പിച്ചിട്ടില്ല.
അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്‌നീസിനെ റിറ്റ്‌സിന് പകരമായാകും കമ്ബനി പുറത്തിറക്കുക. ആഗസ്തില്‍ 3035, സപ്തംബറില്‍ 2515, ഒക്ടോബറില്‍ 5 യൂണിറ്റ് എന്നിങ്ങനെയാണ് അവസാന മാസങ്ങളില്‍ റിറ്റ്‌സിന്റെ വില്‍പ്പന. സഹ സഞ്ചാരികളായ സ്വിഫ്റ്റ്, സെലാരിയോ മോഡലുകള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തി മുന്നേറിയപ്പോള്‍ റിറ്റ്‌സിന്റെ ഗ്രാഫില്‍ കുത്തനെ ഇടിവ് വന്നിരുന്നു.
നേരത്തെ ഈ വര്‍ഷം ഫിബ്രവരിയില്‍ തന്നെ റിറ്റ്‌സ് നിര്‍മാണം അവസാനിപ്പിക്കാന്‍ കമ്ബനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കമ്ബനി ഇതുവരെ നല്‍കിയിട്ടില്ല. 2009-ല്‍ ഇന്ത്യയിലെത്തിയ റിറ്റ്‌സിന് പ്രതീക്ഷിച്ച വിജയം ഇതുവരെ നിരത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.
മികച്ച വില്‍പ്പനയോടെ ഇന്ത്യന്‍ നിരത്ത് കീഴടക്കുന്ന മാരുതി നിരയില്‍ മാസംതോറും ശരാശരി 2500-3000 യൂണിറ്റ് റിറ്റ്‌സാണ് വിറ്റഴിക്കപ്പെടുന്നത്, കമ്ബനിയുടെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഈ കണക്കുകള്‍ വളരെ പിന്നിലാണ്. ഇഗ്‌നീസിനൊപ്പം ബലേനോ ആര്‍എസ്, ഫേസ്ലിഫ്റ്റ് സ്വിഫ്റ്റ് എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മാരുതി കാറുകള്‍.
ഏഴ് വര്‍ഷത്തെ യാത്രയ്ക്കിടെ 2012-ല്‍ ചെറു മാറ്റങ്ങളുമായി മുഖം മിനുക്കി വീണ്ടും അവതരിപ്പിച്ചെങ്കിലും വേണ്ടത്ര ഉപഭോക്താക്കള്‍ റിറ്റ്‌സിനെ സ്വീകരിക്കാന്‍ മടിച്ചതോടെ വില്‍പ്പന കുറഞ്ഞുകൊണ്ടിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. പെട്രോള്‍ പതിപ്പ് 6000 ആര്‍പിഎമ്മില്‍ പരമാവധി 85 എച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ പതിപ്പ് 4000 ആര്‍പിഎമ്മില്‍ 73 എച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha