ഇന്ത്യയിലെ സമുദ്രോത്‌പന്ന കയറ്റുമതി ഉയരങ്ങളിലേയ്‌ക്ക്
ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി കുതിക്കുന്നു. ചരിത്രത്തിലാദ്യമായി 450 കോടി ഡോളറിന്റെ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തി. വനാമി ഇനത്തിലുള്ള ചെമ്മീനിന്റെ കയറ്റുമതിയിലുണ്ടായ മുന്നേറ്റമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
ഏതാണ്ട് 10 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങള്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റി അയച്ചു. 201213ല്‍ 9.28 ലക്ഷം ടണ്‍ കയറ്റി അയച്ച് 18,856 കോടി രൂപ കൈവരിച്ച സ്ഥാനത്താണ് ഇത്. വനാമി ചെമ്മീന് അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതിലാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. വനാമി ചെമ്മീനിന്റെ മുഖ്യ ഉത്പാദകരായ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങളില്‍ വ്യാപകമായ രോഗബാധയുണ്ടായതു മൂലം വിളവെടുപ്പ് ഇടിഞ്ഞതാണ് വിപണിയില്‍ ആവശ്യം വര്‍ധിക്കാന്‍ കാരണമായത്. ഇത് ഇന്ത്യക്ക് നേട്ടമായി തീരുകയും ചെയ്തു.
2012-13 സാമ്പത്തിക വര്‍ഷത്തെ 350 കോടി ഡോളറിന്റെ കയറ്റുമതിയെക്കാള്‍ 100 കോടി ഡോളറിന്റെ വര്‍ധനയാണ് 2013-14 സാമ്പത്തികവര്‍ഷം ഉണ്ടായത്. ഇതാദ്യമായാണ് ഒരു വര്‍ഷം കൊണ്ട് ഇത്രയധികം കുതിപ്പ് കയറ്റുമതി മൂല്യത്തിലുണ്ടാകുന്നത്. രൂപയുടെ അടിസ്ഥാനത്തില്‍ കയറ്റുമതി മൂല്യം 20,000 കോടി രൂപ കടന്നെന്നാണ് പ്രാഥമിക കണക്ക്.
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയുടെ 90 ശതമാനവും വനാമി ഇനത്തിലുള്ളവയാണെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് അന്‍വര്‍ ഹാഷിം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ ഏതാണ്ട് നാലിലൊന്നും ചെമ്മീനാണ്. കയറ്റുമതി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മീനിന്റെ വിഹിതം 50 ശതമാനത്തില്‍ ഏറെയും. അമേരിക്കയിലേക്കാണ് വനാമി ചെമ്മീന്‍ ഏറ്റവുമധികം കയറ്റിയയ്ക്കുന്നത്.
അതേസമയം, ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാനവിപണി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ആവശ്യമുയര്‍ന്നതോടെ പരമാവധി നേട്ടം കൊയ്യാനാണ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി (എംപെഡ) തയ്യാറെടുക്കുന്നത്.
ഇതിനായി ഗുണനിലവാരവും അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്താനാണ് തീരുമാനം. 2020 ഓടെ 1000 കോടി ഡോളറിന്റെ സമുദ്രോത്പന്ന കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് എംപെഡ ചെയര്‍പേഴ്‌സണ്‍ ലീനാ നായര്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സമുദ്രോത്പന്ന കയറ്റുമതിയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിഹിതം വന്‍തോതില്‍ ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇപ്പോഴിത് ഏതാണ്ട് 17 ശതമാനമാണ്. ഏതാനും വര്‍ഷം മുമ്പ് ഇത് അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ പകുതിയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha