കൗതുകമായി പ്ലാസ്‌റ്റിക് കറന്‍സി
ലോക രാജ്യങ്ങളില്‍ വ്യാപാരാവശ്യത്തിനുള്ള പേപ്പര്‍ കറന്‍സിക്ക് പകരം ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് കറന്‍സി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പ്ലാസ്‌റ്റിവിഷന്‍ അറേബ്യ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നു. ക്രെഡിറ്റ് കാര്‍ഡായല്ല, ശരിക്കുമുള്ള ബാങ്ക് നോട്ടുകളായാണ് പ്ലാസ്‌റ്റിക് കറന്‍സി ഉപയോഗിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഇത്തരം കറന്‍സികള്‍ പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
സുരക്ഷിതത്വം, ഈട്, പരിസ്‌ഥിതി സൗഹൃദം എന്നിവയുള്ള പ്ലാസ്‌റ്റിക് പണത്തോട് അടുപ്പം കാണിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയും ഇംഗ്ലണ്ടും ബന്ധപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ പ്ലാസ്‌റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ചുതുടങ്ങി. വ്യാവസായിക രംഗത്തെ വിദഗ്‌ധര്‍ പുതിയ പണത്തെ ആവേശപൂര്‍വം സ്വീകരിക്കുന്നു. 25ലേറെ രാജ്യങ്ങള്‍ നിലവില്‍ പ്ലാസ്‌റ്റിക് ബില്ലുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇംഗ്ലണ്ട് 2016ല്‍ പ്ലാസ്‌റ്റിക് കറന്‍സി ഉപയോഗിച്ചുതുടങ്ങും.
ഓസ്‌ട്രേലിയ, ബെര്‍മുഡ, ബ്രൂണെ, കാനഡ, ന്യൂ സീലാന്‍ഡ്, പാപുവ ഗിനിയ, റുമാനിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷം മുഴുവനായും പോളിമര്‍ ബാങ്ക് നോട്ടുകളിലേയ്‌ക്ക് ചുവടുമാറി. ബംഗ്ലാദേശ്, ശ്രീലങ്ക, തയ്‌ലാന്‍ഡ്, മലേഷ്യ എന്നിവയടക്കം 17 രാജ്യങ്ങള്‍ പോളിമറിലാണ് തങ്ങളുടെ നോട്ടുകള്‍ അച്ചടിക്കുന്നത്. കുവൈത്ത് ഗാര്‍ഡിയന്‍ പോളിമറില്‍ ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെങ്കിലും വിതരണം ചെയ്‌തു തുടങ്ങിയിട്ടില്ല.
സാധാരണ പേപ്പര്‍ നോട്ടുകളേക്കാള്‍ പ്ലാസ്‌റ്റിക് കറന്‍സികള്‍ അഞ്ച് മടങ്ങ് ഈടുനില്‍ക്കും. ഇതുവഴി അച്ചടി ചെലവ് ഏറെ ലാഭിക്കാം. പോളിമര്‍ പദാര്‍ഥങ്ങള്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ പരിസ്‌ഥിതിക്ക് മുതല്‍ക്കൂട്ടാകുന്നതും പുതുക്കി ഉപയോഗിക്കാവുന്നതുമാണ്. വെന്‍ഡിങ് മെഷീനുകളിലും ഇതേറെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.
വൃത്തികൂടുതലുള്ളതും പെട്ടെന്ന് ചീത്തയാകാത്തതും എണ്ണ, ദ്രാവകങ്ങള്‍ എന്നിവ വലിച്ചെടുക്കാത്തതുമാണെന്ന ഗുണങ്ങളുമുണ്ട്. അലക്കുയന്ത്രത്തില്‍ വീണുപോയാല്‍ പോലും നശിക്കുകയില്ല. പ്ലാസ്‌റ്റിവിഷന്‍ അറേബ്യയില്‍ പങ്കെടുക്കുന്ന കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു പ്രധാന രാജ്യങ്ങള്‍.
https://www.facebook.com/Malayalivartha