ഉല്‍പ്പാദനശേഷിക്കൊപ്പം ക്ഷമതയും വര്‍ധിപ്പിക്കുകയാണ് നിക്ഷേപ ലക്ഷ്യം
ഇരുചക്രവാഹന, വാണിജ്യ വാഹന വ്യവസായങ്ങളില്‍ 1,250 കോടി രൂപയുടെ നിക്ഷേപവുമായി ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡ്. നടപ്പു സാമ്പത്തിക വര്ഷം തന്നെ നിക്ഷേപം നടത്താനാണ് തീരുമാനം. ഇരുചക്രവാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ചയ്ക്കായി 800 കോടി രൂപയുടെ നിക്ഷേപമാണു നടത്തുക. അവശേഷിക്കുന്ന 450 കോടിയാണു വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിനായി ചിലവഴിക്കുക. ഉല്‍പ്പാദനശേഷിക്കൊപ്പം ക്ഷമതയും വര്‍ധിപ്പിക്കാനാണു റോയല്‍ എന്‍ഫീല്‍ഡിലെ നിക്ഷേപമെന്ന് ഐഷര്‍ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാര്‍ഥ ലാല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ വല്ലംവടഗലിലെ നിര്‍മാണശാലയ്ക്കും പുതിയ ഉല്‍പന്ന വികസനത്തിനും യു കെയിലും ഇന്ത്യയിലുമുള്ള ടെക്‌നിക്കല്‍ കേന്ദ്രങ്ങള്‍ക്കുമെല്ലാം ചേര്‍ന്നാണ് ഇക്കൊല്ലം 800 കോടി രൂപ നീക്കിവച്ചിരിക്കുന്നത്.
നോട്ട് പിന്‍വലിക്കലും തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയും മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല് നിലവാരത്തിലേക്കുള്ള മാറ്റവും പോലുള്ള വെല്ലുവിളികള്‍ മൂലം രാജ്യത്തെ വാണിജ്യ വാഹന വ്യവസായത്തിനു പ്രതിസന്ധികള്‍ തീര്‍ത്ത വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. തീര്‍ത്തും പ്രതികൂല സാഹചര്യത്തിലും വോള്‍വോ ഐഷറിന് കഴിഞ്ഞ വര്‍ഷം 12.6% വില്‍പ്പന വളര്‍ച്ച നേടാനായി. 58,604 യൂണിറ്റുമായി റെക്കോഡ് വില്‍പ്പനയാണ് 2016 —17ല്‍ കമ്പനി കൈവരിച്ചതെന്നും വോള്‍വോ ഗ്രൂപ്പുമായി ചേര്‍ന്ന ഐഷര്‍ മോട്ടോഴ്‌സ് സ്ഥാപിച്ച സംയുക്ത സംരംഭമായ വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിന്റെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇക്കൊല്ലം 450 കോടി രൂപ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha