കുരുമുളക് കയറ്റുമതി രംഗത്ത് പ്രതിസന്ധി
കുരുമുളകിന്റെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും കയറ്റുമതി വ്യാപാരികളേയും വ്യവസായികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പുകാലം കഴിഞ്ഞതിനാല്‍ ഉയര്‍ന്ന വിലയുടെ നേട്ടം കൃഷിക്കാര്‍ക്കു ലഭിച്ചിരുന്നില്ല. രാജ്യാന്തര വിപണിയില്‍ കുരുമുളകുവില ടണ്ണിന് ഇന്ത്യയിലേതിനേക്കാള്‍ 2000 ഡോളറോളം കുറഞ്ഞു നില്‍ക്കുന്നതു കൊണ്ട് ഇറക്കുമതി സാധ്യതയും കൂടി.
കുരുമുളകിന്റെ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും മൂലം ഈ നേട്ടം നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് കയറ്റുമതിക്കാരും വ്യവസായികളും. ഇതിനിടയ്‌ക്ക് പ്രമുഖ വ്യവസായികള്‍ വിയറ്റ്‌നാമിലും മറ്റും സ്വന്തം സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഭക്ഷ്യ സംസ്‌ക്കരണം, വ്യവസായം എന്നിവ ആഗോളതലത്തില്‍ വന്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കെ, സുഗന്ധവ്യഞ്‌ജനങ്ങളുടെ ആവശ്യം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. സ്വതന്ത്ര വ്യാപാര കരാര്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കയറ്റുമതി സുഗമമാക്കുന്നു.
കുരുമുളക് മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഫലപ്രദമായ പരിഹാര മാര്‍ഗങ്ങളുമായി സര്‍ക്കാരും ഏജന്‍സികളും മുന്നോട്ടു വരുന്നില്ലെന്ന പരാതിയും ശക്തമാണ്.
ഗുണമേന്‍മക്കുറവിന്റെ പേരില്‍ എന്‍.സി.ഡി.ഇ.എക്‌സിന്റെ ഗോഡൗണുകളില്‍ ഒരു വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന 63000 ടണ്ണോളം കുരുമുളകില്‍ വലിയൊരു പങ്കും പരിശോധന പൂര്‍ത്തിയാക്കി പുറത്തുവിടാനായില്ല.
https://www.facebook.com/Malayalivartha