കേരള കമ്പനികള്‍ 200 കോടി ചെലവിടും
കോര്‍പറേറ്റ് മേഖലയുടെ സാമൂഹിക ഉത്തരവാദിത്തം (സിഎസ്‌ആര്‍) സംബന്ധിച്ച നിയമം നടപ്പില്‍വന്ന സാഹചര്യത്തില്‍ കേരളം ആസ്‌ഥാനമായുള്ള കമ്പനികള്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു നടപ്പു സാമ്പത്തിക വര്‍ഷം ചെലവിടേണ്ടിവരുന്ന ആകെ തുക 180 - 200 കോടി രൂപ വരുമെന്നു കണക്കാക്കുന്നു.
ആസ്‌തി മൂല്യം 500 കോടി രൂപയോ വിറ്റുവരവ് 1000 കോടിയോ അറ്റാദായം അഞ്ചു കോടിയോ വരുന്ന കമ്പനികള്‍ മൂന്നു വര്‍ഷ ശരാശരി അറ്റാദായത്തിന്റെ രണ്ടു ശതമാനമെങ്കിലും ഓരോ വര്‍ഷവും സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവിടണമെന്നാണ് ഇക്കഴിഞ്ഞ ഒന്നിനു നിലവില്‍വന്ന കേന്ദ്ര നിയമം അനുശാസിക്കുന്നത്. ഈ വ്യവസ്‌ഥകള്‍ അനുസരിച്ച് ഈ വര്‍ഷം സംസ്‌ഥാനത്തെ മുപ്പതോളം കമ്പനികള്‍ക്കാണ് അധിക ബാധ്യത. ഇവയില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്‌തവയും അല്ലാത്തവയുമായ കമ്പനികളുണ്ട്. അഞ്ചു കോടി രൂപ മാത്രം ശരാശരി അറ്റാദായം രേഖപ്പെടുത്തിയ കമ്പനികളും ശരാശരി അറ്റാദായം 800 കോടിയോളം നേടിയ കമ്പനികളും ഉള്‍പ്പെടുന്നു. എന്നാല്‍ സംസ്‌ഥാനത്തെ ഭൂരിപക്ഷം കമ്പനികളും വ്യവസ്‌ഥകളുടെ പരിധിയില്‍ വരുന്നുമില്ല.
രാജ്യത്തെ 13 ലക്ഷം കമ്പനികളില്‍ ഏഴായിരത്തോളം കമ്പനികള്‍ക്കു വ്യവസ്‌ഥ ബാധകമാകുമെന്നും ഇവയില്‍നിന്നു പ്രതിവര്‍ഷം 27,000 കോടി രൂപ സാമൂഹിക ക്ഷേമ പദ്ധതികളിലേക്കു പ്രവഹിക്കുമെന്നുമാണു കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് കണക്കാക്കുന്നത്.
സിഎസ്‌ആര്‍ നിയമം വരുന്നതിനു മുമ്പുതന്നെ പല കമ്പനികളും സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ചില പ്രവര്‍ത്തനങ്ങളെങ്കിലും വെറും ബാലിശമോ പ്രചാരണം മാത്രം ലക്ഷ്യമിട്ടുള്ളതോ ആയിരുന്നു. അതിനുപോലും ശ്രമിക്കാത്ത കമ്പനികളും ഏറെ. ഈ സാഹചര്യത്തിനാണു മാറ്റം വന്നിരിക്കുന്നത്. കോര്‍പറേറ്റ് മേഖല സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതു നിയമത്തിലൂടെ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായിരിക്കുകയാണ് ഇന്ത്യ.
https://www.facebook.com/Malayalivartha