എല്ലാ പോളിസികളും ഇനി ഓണ്‍ലൈന്‍വഴി
ഇന്‍ഷുറന്‍സ്‌പോലുള്ള ധനകാര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രീമിയം കുറയുമെന്നതാണ് ഓണ്‍ലൈന്‍വഴി പോളിസികള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഓണ്‍ലൈന്‍വഴി പോളിസി വാങ്ങുമ്പോള്‍ ഏജന്റ് എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് പ്രീമിയം കുറയുന്നത്. മാത്രമല്ല ഉപയോക്താവിന് പോളിസിസംബന്ധിച്ച രേഖകള്‍ കാലതാമസംകൂടാതെ ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍വഴി പോളിസി വാങ്ങുമ്പോള്‍ സ്ഥിരതയുള്ള സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി എടുക്കുമ്പോള്‍ ഏകദേശം 10 ശതമാനമാണ് പ്രീമിയത്തില്‍ കുറവുണ്ടാകുന്നത്. ട്രാവല്‍, വാഹന, ഭവന, ആരോഗ്യ ഇന്‍ഷുറന്‍സ് പ്‌ളാനുകളില്‍ പൊതുവെ ഈ നിരക്കിലാണ് കിഴിവു ലഭിക്കുന്നത്.
ഏജന്റിനെ ആശ്രയിക്കാതെ പോളിസി നേരിട്ടു വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കമീഷന്‍ ലാഭിക്കാന്‍ സാധിക്കുമെങ്കിലും അനുയോജ്യമായ പോളിസി കണ്ടെത്താനുള്ള ബാധ്യത ഉപയോക്താവിന്റേതുതന്നെയാകുന്നു. അതുകൊണ്ടുതന്നെ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തുന്നതിന് അല്‍പ്പം ഗൃഹപാഠം' ചെയ്യേണ്ടതുണ്ട്. ടേം പോളിസികള്‍പോലുള്ള ലൈഫ് ഇന്‍ഷുറന്‍സ് മാത്രം ഉദ്ദേശിച്ചുള്ള പോളിസികള്‍ ഉപയോക്താക്കള്‍ക്കുതന്നെ സ്വയം തെരഞ്ഞെടുക്കാവുന്നതാണ്. അതേസമയം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ തമ്മില്‍ താരതമ്യംചെയ്യുന്നതിന് സമാനസ്വഭാവമുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്.
ടേം പോളിസി ഓണ്‍ലൈന്‍വഴി എടുക്കുന്നതിനുമുമ്പ് ഉപയോക്താവ് ചെയ്യേണ്ടത് തന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയാണ്. പ്രായം, വരുമാനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ എത്രത്തോളം ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണെന്ന് ഉപയോക്താവ് നേരത്തെതന്നെ നിഗമനത്തില്‍ എത്തേണ്ടതുണ്ട്. പ്രീമിയം, കവറേജിന്റെ സ്വഭാവം തുടങ്ങിയ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്താന്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെയുള്ള താരതമ്യ വിശകലനത്തിലൂടെ സാധിക്കും. നിബന്ധനകള്‍ സങ്കീര്‍ണമല്ലാത്ത ടേം പോളിസികള്‍ താരതമ്യംചെയ്യുന്നത് എളുപ്പമാണ്.
ഓണ്‍ലൈന്‍വഴി ടേം പോളിസികള്‍ വാങ്ങുമ്പോള്‍ പ്രീമിയത്തില്‍ വലിയ അന്തരമുണ്ട്. കുടുംബത്തിന്റെ വരുമാനസ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്.
ഓണ്‍ലൈന്‍വഴി പോളിസിയെടുക്കുന്നത് സൗകര്യപ്രദവും വേഗമേറിയതും ചെലവുകുറഞ്ഞതുമായ പ്രക്രിയയാണെങ്കിലും എല്ലാതരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം അനുയോജ്യമല്ല. ഓണ്‍ലൈന്‍വഴി പോളിസിയെടുക്കുമ്പോള്‍ അഡ്വൈസര്‍ക്ക് നല്‍കേണ്ട കമീഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് കുറയുന്നതുമൂലം പോളിസിയുടെ മൊത്തം ചെലവ് കുറയുമെങ്കിലും ചിലതരം പോളിസികള്‍ എടുക്കുമ്പോള്‍ അഡ്വൈസറുടെ സഹായം ആവശ്യമാണ്. സങ്കീര്‍ണതയുള്ളതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായ പോളിസികളുടെ കാര്യത്തില്‍ പ്രീമിയം കുറയുന്നതിനെക്കാള്‍ അഡ്വൈസറുടെ സേവനത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്.
ആരോഗ്യ ഇന്‍ഷുറന്‍സ്‌പോലെയുള്ള സങ്കീര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒട്ടേറെ നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെട്ടിരിക്കും. ചില രോഗങ്ങളെ പോളിസി കവറേജില്‍നിന്ന് ഒഴിവാക്കുകയും വിവിധ ഇനം ചെലവുകള്‍ക്ക് നല്‍കുന്ന കവറേജിന് പരിധി കല്‍പ്പിക്കുകയും ചെയ്യുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ സാധാരണമാണ്. വിവിധതരം പ്‌ളാനുകള്‍ക്കനുസരിച്ച് ഇത്തരം നിബന്ധനകളും വ്യത്യസ്തമാകും. ഇത് വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ചികിത്സാസമയത്ത് ലഭിക്കേണ്ട കവറേജിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍വഴി ഇത്തരം വിശദാംശങ്ങള്‍ മനസ്സിലാക്കിയശേഷം തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തി വാങ്ങുകയെന്നത് ഉപയോക്താവിന് എളുപ്പമല്ല.
https://www.facebook.com/Malayalivartha