ജിയോ പണികൊടുത്തുതുടങ്ങി ; ഐഡിയയ്ക്ക് 816 കോടി, എയർടെല്ലിന് 367 കോടി നഷ്ടം!
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ പെരുമഴയിൽ മിക്ക ടെലികോം കമ്പനികളും നഷ്ടത്തിലായി. എയർടെലും ഐഡിയയുമണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം ഐഡിയയ്ക്ക് 815.9 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. അതേസമയം, എയർടെല്ലിന്റെ നഷ്ടം 367 കോടി രൂപയാണ്. റിലയൻസ് ജിയോ ഏൽപിച്ച ആഘാതം വ്യക്തമാക്കുന്നതാണ് ഐഡിയ സെല്ലുലാറിന്റെ ഏപ്രിൽ–ജൂൺ പ്രവർത്തനഫലം.
കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 217 കോടി രൂപ ലാഭം നേടിയ ഐഡിയയ്ക്ക് ഇക്കുറി 815.9 കോടി രൂപ നഷ്ടമാണ് നേരിട്ടത്. തുടർച്ചയായ മൂന്നാം പാദത്തിലും കമ്പനിക്ക് നഷ്ടം തന്നെയാണ്. ഏപ്രിലിൽ ജിയോ സേവനങ്ങൾക്കു തുക ഈടാക്കിത്തുടങ്ങിയെങ്കിലും വളരെ കുറഞ്ഞ നിരക്കു മാത്രം ഈടാക്കുന്നതിനാൽ വെല്ലുവിളി തുടരുകയാണെന്ന് ഐഡിയ പറഞ്ഞു. ഐഡിയ ഏപ്രിൽ–ജൂൺ ത്രൈമാസത്തിൽ 8181.7 കോടി രൂപ വരുമാനം നേടി. മുൻ കൊല്ലം ഇതേ കാലത്തെക്കാൾ 14 ശതമാനം കുറവാണ് കാണിക്കുന്നത്. ജിയോയെ നേരിടാൻ കമ്പനി അവതരിപ്പിച്ച ഓഫറുകളും താഴ്ന്ന നിരക്കുകളും വരുമാനത്തെ ബാധിച്ചു. ഡേറ്റ ഉപയോഗം കൂടിയിട്ടുണ്ട്.
അതേസമയം, ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർടെലിന്റെ ഏപ്രിൽ–ജൂൺ ലാഭം മുൻകൊല്ലം ഇതേ കാലത്തെക്കാൾ 75 ശതമാനം കുറഞ്ഞു 367 കോടി രൂപ ആയിട്ടുണ്ട്. മുൻവർഷം ആദ്യപാദത്തിൽ കമ്പനിയുടെ ലാഭം 1.462 കോടി രൂപയായിരുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ എയർടെൽ നേരിടുന്ന ഏറ്റവും കുറഞ്ഞ ലാഭമാണിത്.
https://www.facebook.com/Malayalivartha