മലയാളികൾ കൂട്ടമായി പറക്കുന്നു വിദേശ വിനോദയാത്രകൾക്കായി.: വർഷം 1000 കോടി ബിസിനസ്
മലയാളികൾ കൂട്ടമായി പറക്കുന്നു വിദേശ വിനോദയാത്രകൾക്കായി. കുടുംബമായും ഗ്രൂപ്പുകളായുമുള്ള ഫോറിൻ ടൂർ ഓണക്കാലത്ത് പാരമ്യത്തിലെത്തും. വർഷം 1000 കോടി രൂപയുടെ ബിസിനസിലെത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ഔട്ട്ബൗണ്ട് ടൂറിസം. രണ്ടായിരത്തിലേറെ പേർക്ക് തൊഴിലും.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിലെ വിദേശ വിനോദയാത്രാ സീസൺ. സ്കൂൾ വേനലവധിയും ഓണവും പൂജാ അവധിയും മറ്റും ഇതേ കാലത്താണ്. വിദേശരാജ്യങ്ങളിൽ കൊടുംതണുപ്പില്ലാത്ത കാലവും. ഇക്കുറി ഓണക്കാലത്തേക്കുള്ള ബുക്കിങ്ങുകൾ തകൃതിയായി നടക്കുന്നു. സീസണിൽ കേരളത്തിൽ നിന്നു വിദേശത്തേക്കുള്ള വിമാനങ്ങൾ നിറഞ്ഞു പോകുന്നത് ഇത്തരം ഗ്രൂപ്പ് യാത്രികരെയും വഹിച്ചാണ്. കേരളത്തിലാകെ നിന്ന് ഓണക്കാലത്തു മാത്രം 100 കോടിയുടെ ബിസിനസ് ഉണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്ക്. വിദേശരാജ്യങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകളും വീസ ഓൺ അറൈവൽ സംവിധാനവും യാത്രാ ബിസിനസിലെ വളർച്ചയ്ക്കു കാരണമായി.
പാശ്ചാത്യരുടെ ജീവിതശൈലിയുടെ ഭാഗമാണ് ‘ഹോളിഡേ’ എന്നതുപോലെ, ഉല്ലാസത്തിനായുള്ള വിദേശയാത്രകൾ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ തീർഥയാത്രയായി ഹോളി ലാൻഡിലേക്കും (ഇസ്രയേൽ) മക്കയിലേക്കുമുള്ള യാത്രകൾ ഔട്ട്ബൗണ്ട് ടൂറിസത്തിന്റെ വലിയൊരു ഭാഗമാണ്. ഹജിന് ഔദ്യോഗികമായി പോകുന്നതിനു പുറമേ സ്വകാര്യ ഏജൻസികൾ വഴി 5000 പേർ എങ്കിലും പോകുന്നു. ഒരാൾക്ക് മൂന്നു ലക്ഷം രൂപ ചെലവാണ്. അങ്ങനെ 150 കോടിയുടെ ബിസിനസ്. ഉംറയും ഇത്ര തന്നെയുണ്ട്. ഹോളിലാൻഡിലേക്ക് ഒരാൾക്കു ശരാശരി 90000 രൂപ. വർഷം 3000 പേർ പോകുന്നതു വഴി 30 കോടിയുടെ ബിസിനസ്.
കേരളത്തിൽ ടൂർ ഓപ്പറേറ്റർമാരുടെ എണ്ണവും പെരുകിയിട്ടുണ്ട്. കമ്പനിയായി റജിസ്റ്റർ ചെയ്ത സംഘടിത മേഖലയിലെ ടൂർ ഓപ്പറേറ്റർമാരും ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാരും ചേർന്നാൽ മുന്നൂറിലേറെ വരും. സംഘടിത മേഖലയിൽ പ്രവർത്തിച്ചു നേടിയ പരിചയവും ഒരു ലാപ്ടോപ്പും സ്മാർട്ഫോണും മാത്രമാണു ഒറ്റയാൻ ടൂർ ഓപ്പറേറ്റർമാരുടെ കൈമുതൽ.
യാത്രകൾ ഭൂരിപക്ഷവും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കാണ്. തായ്‌ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ,വിയറ്റ്നാം...അതിൽ തന്നെ സിംഗപ്പൂരും മലേഷ്യയുമാണു മുന്നിൽ. ഗൾഫ് രാജ്യങ്ങളിൽ യുഎഇയിലേക്കാണു സംഘം ചേർന്നുള്ള യാത്രകൾ. യൂറോപ്പിൽ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളും സ്വിറ്റ്സർലൻഡും ഫ്രാൻസും ജർമനിയും ഹോളണ്ടും മറ്റും മുന്നിട്ടു നിൽക്കുന്നു. ഡിസംബർ–ജനുവരി കാലയളവിലാണ് ഓസ്ട്രേലിയ–ന്യൂസീലൻഡ് യാത്രകൾ. യൂറോപ്യൻ യാത്രയ്ക്കു ശരാശരി ആളോഹരി ഒന്നരലക്ഷം രൂപ ചെലവു വരുമെന്നതിനാൽ ഇതിൽ ടൂർ ഓപ്പറേറ്റർമാർക്കു വരുമാനം കൂടുതലാണ്. ടൂറിസത്തിൽ കേരളവുമായി മൽസരിക്കുന്ന ശ്രീലങ്കയിലേക്ക് മലയാളികൾ കൂട്ടമായി യാത്ര ചെയ്യുന്നുവെന്നതാണു വേറൊരു കൗതുകം.
https://www.facebook.com/Malayalivartha