ആശുപത്രികളിൽ സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഈടാക്കുന്ന ഫീസ് നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം
സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഈടാക്കുന്ന ഫീസ്പാക്കേജ് നിരക്കുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പുതിയ വ്യവസ്ഥ. ഇതില്‍ക്കൂടുതല്‍ ഈടാക്കാന്‍ പാടില്ല. നിയമസഭ പരിഗണിക്കുന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിലാണീ നിബന്ധകള്‍.
ഹൃദ്രോഗചികിത്സയ്ക്കുള്ള സ്റ്റെന്റുകളുടെ വില കുറച്ചിട്ടും ചില ആശുപത്രികളില്‍ ചികിത്സനിരക്ക് കുറയാതെപോയി. ഈ സാഹചര്യത്തില്‍ പുതിയ നിബന്ധനകള്‍ക്ക് പ്രസക്തി വളരെയേറെയാണ്. എല്ലാവരും കാണുന്നവിധത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും വിവരം രേഖപ്പെടുത്തണം. രോഗനിര്‍ണയം, പരിശോധനാഫലം, ചികിത്സാവിവരങ്ങള്‍, വിടുതല്‍ സമയത്തുള്ള സ്ഥിതി, രോഗികള്‍ക്ക് നല്‍കിയ ഉപദേശം എന്നിവ സംബന്ധിച്ച രേഖകള്‍ ആശുപത്രികള്‍ സൂക്ഷിക്കണം. ഇവയുടെ പകര്‍പ്പുകള്‍ രോഗിക്കും കൂട്ടര്‍ക്കും നല്‍കണം. രോഗിയുടെ ജീവന്‍രക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റ് ആശുപത്രിയില്‍ എത്തിക്കുന്നതിനും എല്ലാസ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിന് ലഭ്യമായ ജീവനക്കാരെയും സൗകര്യങ്ങളെയും മുഴുവന്‍ ഉപയോഗിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപയാണ് പിഴ. രണ്ടുതവണയായാല്‍ അന്‍പതിനായിരവും തുടര്‍ന്നുണ്ടായായല്‍ അഞ്ചുലക്ഷവും. പിഴയടയ്ക്കാന്‍ വീഴ്ചവരുത്തിയാല്‍ ഭൂമിയിന്മേലുള്ള നികുതിക്കുടിശ്ശികപോലെ പിഴ ഈടാക്കും.
രോഗം, പരിക്ക്, വൈകല്യം, അസ്വാഭാവികത്വം, ദന്തസംരക്ഷണം, ഗര്‍ഭം എന്നിവയില്‍ ചികിത്സയോ രോഗനിര്‍ണയമോ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ക്ലിനിക് എന്ന പരിധിയില്‍ വരും. ഇത്തരം എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അംഗീകൃത ഏജന്‍സികളില്‍നിന്ന് അക്രഡിറ്റേഷന്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ നടപടിക്രമങ്ങളില്ലാതെ രജിസ്‌ട്രേഷന്‍ കിട്ടും. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നവയ്ക്ക് ഒരുവര്‍ഷത്തേക്കുള്ള താത്കാലിക രജിസ്‌ട്രേഷനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുശേഷം മുന്നുവര്‍ഷത്തേക്കുള്ള സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം.ആരോഗ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ 16 അംഗ സംസ്ഥാന കൗണ്‍സിലിനാണ് ചുമതല. ഇതില്‍ പ്രധാനപ്പെട്ട ചികിത്സാവിഭാഗങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ജില്ലാതലങ്ങളിലുള്ള രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നേതൃത്വം കളക്ടര്‍മാര്‍ക്കാണ്. അഞ്ചംഗങ്ങള്‍ ഇതിലുണ്ടാകണം. ക്ലിനിക്കുകള്‍ നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നുണ്ടോയെന്ന പരിശോധനയ്ക്ക് സ്വതന്ത്രമായ സംവിധാനവും നിയമത്തിലുണ്ട്.
https://www.facebook.com/Malayalivartha