പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന; ദിനംപ്രതിയുള്ള വില മാറ്റത്താല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടുന്നില്ല
കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെയാണ് വില വര്‍ധനവുണ്ടായത്. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്.
പെട്രോള്‍, ഡീസല്‍ വില ഓരോദിവസവും പുനഃക്രമീകരിക്കുന്നത് ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കൈയടി നേടി. 2014 ഒക്ടോബറില്‍ ഡീസല്‍ വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയപ്പോള്‍ ഉടന്‍തന്നെ ലിറ്ററിന് 3.37 രൂപ കുറഞ്ഞിരുന്നു. എണ്ണവില വിപണിക്കുവിടുന്നത് നല്ലതാണെന്ന ധാരണയുണ്ടാക്കാനും ഇതുപകരിച്ചു. ആഗോള എണ്ണവില ബാരലിന് നൂറു ഡോളറിനുമേലെയുണ്ടായിരുന്നത് വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയപ്പോഴായിരുന്നു ഈ പരീക്ഷണം.
സമാനമായി ഇപ്പോള്‍ പ്രതിദിന വിലമാറ്റം കൊണ്ടുവന്നതും ആഗോളവിപണിയില്‍ അല്‍പ്പം ഇടിവുവന്നപ്പോഴാണ്. ഇതിന്റെ ഫലമായി ജൂണ്‍ 16 മുതല്‍ തുടര്‍ച്ചയായി രണ്ടാഴ്ച വില കുറഞ്ഞുകൊണ്ടിരുന്നു. ഉപഭോക്താക്കള്‍ക്കുള്ള നേട്ടമായി എണ്ണക്കമ്പനികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍, ജൂലായ് നാലുമുതല്‍ ദിവസവും അഞ്ചും പത്തും പൈസവീതം വില ഉയരാന്‍ തുടങ്ങി. വ്യാഴാഴ്ച 66.96 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ജൂലായ് നാലിന് ഇത് 63.08 രൂപയായിരുന്നു. ഡീസലിന് ജൂലായ് നാലിന് 53.44 രൂപയായിരുന്നത് ഇപ്പോള്‍ 56.81 രൂപയുമായി.
https://www.facebook.com/Malayalivartha