സ്വാതന്ത്ര്യം, പരസ്പര വിശ്വാസം എന്നിവ നിലനിൽക്കുന്ന ഒരു തൊഴിൽ അന്തരീക്ഷമാണ് ഞാൻ ആഗ്രഹിക്കുന്നത്: വിശാൽ സിക്ക
വ്യക്തിത്വത്തിനു നേരെയുള്ള കടന്നാക്രമണങ്ങൾ നേരിട്ടു സ്ഥാനത്തു തുടരുക പ്രയാസമാണെന്നും അതിനാൽ തന്നെ രാജിവെക്കുന്നുവെന്നും പറഞ്ഞു
ഇൻഫോസിസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു രാജിവച്ച വിശാൽ സിക്ക സഹപ്രവർത്തകർക്ക് അവസാനം അയച്ച ഇമെയിൽ സന്ദേശം ശ്രദ്ധേയമാകുന്നു. ‘മൂവിങ് ഓൺ’ എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലും അദ്ദേഹം തന്റെ സന്ദേശം പങ്കുവച്ചിട്ടുണ്ട്.
‘വിരമിക്കുകയാണ്, എന്നാലും പുതിയ മാനേജ്മെന്റ് ചാർജെടുക്കുന്നതു വരെ ബോർഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഈ തീരുമാനമെടുക്കാൻ കുറച്ചു കഷ്ടപ്പെട്ടു. പക്ഷേ, ഇപ്പോഴെനിക്ക് ഇതിൽ ശങ്കയില്ല.
വലിയ പരിവർത്തനങ്ങൾ നടത്തണമെന്ന മോഹത്തോടെയാണ് മൂന്നു വർഷങ്ങൾക്കു മുൻപ് ഞാൻ കമ്പനിയിൽ തുടക്കം കുറിച്ചത്. നമ്മുടെ വളർച്ചാനിരക്ക് അക്കാലത്തു വളരെ മോശമായിരുന്നു. നമ്മുടെ വരുമാനത്തിനു നല്ല സംഭാവനകൾ നൽകിയ ഇരുപത്തഞ്ചിലധികം പുതിയ സേവനങ്ങൾ നാം തുടങ്ങി. സേവനങ്ങൾക്കും സോഫ്റ്റ്‌വെയറിനുമപ്പുറം സ്റ്റാർടപ് ഫണ്ട്, പുതിയ ബിസിനസുകൾ തുടങ്ങിയ മേഖലകളിലും നാം വരവറിയിച്ചു.
അപ്പോഴും കമ്പനിയുടെ തനതു സംസ്കാരം നാം നിലനിർത്തി. ഗുരുതരവും ശക്തവുമായ വ്യക്തിഹത്യക്കും ആക്രമണങ്ങൾക്കുമിടയിലും ഇതു സാധിച്ചു. ഇന്നത്തെ കമ്പനിയുടെ പുരോഗതിയിൽ ഞാൻ സന്തുഷ്ടനാണ്. ആർടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം വരവറിയിച്ചു.
തടസ്സങ്ങൾക്കപ്പുറം കമ്പനിയെ മുന്നോട്ടു നയിക്കാൻ നമുക്കു സാധിക്കണം.
ദിവസങ്ങൾക്കു മുൻപ് ഞാനൊരു ക്ലൈന്റുമായി ചർച്ച നടത്തി. നമ്മൾ പൂർത്തീകരിച്ച പ്രോജക്ടുകളോടും നമ്മുടെ കമ്പനിയോടുമുള്ള അവരുടെ പ്രതികരണം വളരെ ഹൃദ്യമായിരുന്നു. അവരുടെ കമ്പനിയെയും നമ്മുടേതുപോലെയാക്കി മാറ്റാൻ അവർ എന്നോട് അഭ്യർഥിച്ചു.
ഇൻഫോസിസ് ഒരു കമ്പനിക്കപ്പുറം ഒരു ആശയമാണ്, സ്വപ്നമാണ്, സാധ്യതയാണ്. 2014ൽ നിങ്ങളെയെല്ലാം ആദ്യമായി കണ്ടപ്പോൾ ഇനി മുന്നോട്ടുള്ള കാലത്തിൽ കമ്പനിയെ പുതിയ ഒരു ഡിജിറ്റൽ ഭാവിയിലേക്ക് എത്തിക്കാമെന്നു ഞാൻ സ്വപ്നം കണ്ടു. ആർടിഫിഷ്യൽ ഇന്റലിജൻസും ഓട്ടമേഷനുമൊക്കെ ശക്തമായ ആ ഭാവിയിൽ നമ്മുടെ ഭാവനയും സർഗശക്തിയും പരിധികളില്ലാതെ ഉപയോഗിച്ചു പുതിയ ലോകങ്ങൾ നിർമിക്കാമെന്നും. അന്നത്തെ പല ആശയങ്ങളും ഇന്നു വളർച്ച പ്രാപിക്കുന്നതു നമുക്ക് കാണാം. ഈ യാത്ര ദുർഘടമായിരുന്നു. മാറ്റങ്ങൾ തുടങ്ങുന്നതു കഠിനമാണ്. ഇൻഫോസിസ് പോലെ ഇത്രയും നേട്ടങ്ങളുണ്ടാക്കിയ ഒരു സ്ഥാപനത്തിൽ ഈ മാറ്റങ്ങൾ വരുത്തുകയെന്നതു കൂടുതൽ കഠിനമാണ്.
ഇതെല്ലാം നിലനിൽക്കുമ്പോഴും വിരമിക്കാനുള്ള തീരുമാനമെടുത്തത് ഏകാഗ്രത നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ നടക്കുന്നതു കൊണ്ടാണ്. ഇവ ദുസ്സഹമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. സ്വാതന്ത്ര്യം, പരസ്പര വിശ്വാസം എന്നിവ നിലനിൽക്കുന്ന ഒരു തൊഴിൽ അന്തരീക്ഷമാണ് ഞാൻ ആഗ്രഹിക്കുന്നത്.
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനായാണു തന്റെ വിരമിക്കൽ. ഇതിൽ വിഷമമുണ്ടോയെന്നു പലരും ചോദിച്ചു, ഇല്ല എന്നതാണ് ഉത്തരം’– സന്ദേശത്തിൽ പറയുന്നു.
ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിശാൽ തന്റെ ബ്ലോഗിൽ പുതുതായി പോസ്റ്റ് ചെയ്യുന്നത്
https://www.facebook.com/Malayalivartha