ജൂലൈയിലെ ജിഎസ് ടി നികുതി അടക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20
വ്യാപാരികൾ ജൂലൈയിലെ ജിഎസ്ടി അടയ്ക്കേണ്ട അവസാന തിയതി നാളെ. നികുതി അടയ്ക്കാൻ ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കാത്ത വ്യാപാരികൾ ജിഎസ്ടി ആർ-3ബി റിട്ടേണും നികുതിയും നൽകണം. ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കുന്ന വ്യാപാരികൾ നാളേക്കു മുൻപ് നികുതിയും 28നു മുൻപ് ജിഎസ്ടി ആർ–3ബി റിട്ടേണും സമർപ്പിക്കണം.
കോമ്പോസിഷൻ നികുതി നിർണയം തിരഞ്ഞെടുത്തവർ ഒഴികെ നികുതി ബാധ്യതയുള്ള എല്ലാ വ്യാപാരികളും ജിഎസ്ടി ആർ–3ബി റിട്ടേൺ നൽകേണ്ടതുണ്ടെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. സമയത്തിനുള്ളിൽ സമർപ്പിക്കാത്തവർ പരമാവധി 5000 രുപ വരെ പിഴ അടയ്ക്കേണ്ടി വരും.
ജൂലൈയിലെ നികുതി അടയ്ക്കാൻ സെപ്റ്റംബർ 21 വരെ സാവകാശം നൽകിയിരുന്നെങ്കിലും നികുതി വരുമാനമില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇൗ മാസം തന്നെ പിരിവ് ആരംഭിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇൻവോയ്സ് അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന ഇളവ് അനുവദിച്ചിട്ടുണ്ട്. ആകെ വിറ്റുവരവും നികുതിയും രേഖപ്പെടുത്തി നൽകിയാൽ മതിയാകും.
ജൂലൈയിലെ വിവരങ്ങള്‍ സ്വയം നിര്‍ണയിച്ച് റിട്ടേണില്‍ രേഖപ്പെടുത്തേണ്ടതാണ്.
ട്രാൻസിഷണൽ ക്രെഡിറ്റ് വേണ്ടെന്നു വച്ച വ്യാപാരികൾ ഒൗട്പുട്ട് നികുതി ബാധ്യതയും റിവേഴ്സ് ചാർജ് പ്രകാരമുള്ള നികുതി ബാധ്യതയും കൂട്ടുക. ഇതിൽ ജൂലൈ മാസത്തെ ഇൻപുട് ടാക്സ് കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണ് അടയ്ക്കേണ്ടത്.
ജൂലൈ മാസത്തിലെ നികുതി ബാധ്യത 20നു മുൻപ് ഇലക്ട്രോണിക് കാഷ് ലെഡ്ജറിൽ നിക്ഷേപിക്കുക.
20നു മുൻപ് ജിഎസ്ടി ആർ–3ബി റിട്ടേൺ സമർപ്പിക്കുക.
ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗപ്പെടുത്തുന്ന വ്യാപാരികൾ ഔട്ട്പുട്ട് നികുതി ബാധ്യതയും റിവേഴ്സ് ചാർജ് പ്രകാരമുള്ള നികുതി ബാധ്യതയും കൂട്ടുക. ട്രാൻസിഷണൽ ക്രെഡിറ്റും ജൂലൈ മാസത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റും കൂട്ടിക്കിട്ടുന്ന തുകയെ ആദ്യത്തേതിൽ നിന്നു കുറയ്ക്കുക.
ജൂലൈ മാസത്തെ നികുതി ബാധ്യത 20നു മുൻപ് ഇലക്ട്രോണിക് കാഷ് ലെഡ്ജറിൽ നിക്ഷേപിക്കുയും ജിഎസ്ടി ട്രാൻ-1 ഫോം സമർപ്പിക്കുകയും ചെയ്യണം.
ജിഎസ്ടി ആർ. 3ബി റിട്ടേൺ സമർപ്പിക്കുമ്പോൾ അടച്ചിരിക്കുന്ന തുക കുറവാണെന്നു കണ്ടാൽ 21 മുതൽ 18% പലിശ നൽകണം.
https://www.facebook.com/Malayalivartha