'ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍' 41 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി.
അര്‍ബുദസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉത്പന്നത്തില്‍ പതിച്ചില്ലെന്ന കാരണംകാട്ടി അറുപത്തിരണ്ടുകാരി ഫയല്‍ചെയ്ത കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരേ അമേരിക്കന്‍ കോടതിവിധി. പരാതിക്കാരിക്ക് 41 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ജലിസ് സുപ്പീരിയര്‍കോടതിയാണ് കമ്പനിയോട് ആവശ്യപ്പെട്ടത്.
അണ്ഡാശയ അര്‍ബുദത്തിന് ചികിത്സതേടുന്ന ഇവ എക്കേവേരിയയാണ് കേസുകൊടുത്തത്. പതിനൊന്നു വയസ്സുമുതല്‍ ഇവര്‍ ഈ കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് ഉപയോഗിക്കുന്നത്. 2007-ലാണ് ഇവര്‍ക്ക് അര്‍ബുദബാധ കണ്ടെത്തുന്നത്. ഇതേ പൗഡറുപയോഗിച്ച മറ്റൊരുസ്ത്രീക്കും അണ്ഡാശയ അര്‍ബുദമുണ്ടായതായി വായിച്ചറിഞ്ഞ് 2016-ലാണ് ഇവ കോടതിയെ സമീപിച്ചത്. ഉത്പന്നത്തില്‍ മുന്നറിയിപ്പ് പതിച്ചിരുന്നെങ്കില്‍ താന്‍ ഇത്രകാലം അത് ഉപയോഗിക്കില്ലായിരുന്നെന്ന് ഇവ കോടതിയില്‍പറഞ്ഞു.
പൗഡര്‍ അമിതമായി ഉപയോഗിച്ചാല്‍ അര്‍ബുദമുണ്ടാകുമെന്നറിഞ്ഞിട്ടും കമ്പനി അത് മറച്ചുവെച്ചുകൊണ്ടാണ് ഇത്രയുംകാലം ഉത്പന്നങ്ങള്‍ വിറ്റഴിച്ചതെന്ന് ഇവയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ആരോപണങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
https://www.facebook.com/Malayalivartha