സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ സുസ്ഥിരത കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയണം
വളര്‍ച്ചയില്‍ ഇടക്കാലത്ത് ചൈനയെ പിന്നിലാക്കിയെങ്കിലും ഇന്ത്യക്ക് നെഞ്ചുവിരിച്ചു നില്‍ക്കണമെങ്കില്‍ തുടര്‍ച്ചയായി പത്തു വര്‍ഷം 8-10 ശതമാനം നിരക്കില്‍ വളരാന്‍ കഴിയണം. ഇതു പറയുന്നത് മറ്റാരുമല്ല, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ രഘുറാം രാജനാണ്.
സംസ്‌കാരത്തിന്റെ കാര്യത്തിലും ചരിത്രത്തിന്റെ കാര്യത്തിലുമൊക്കെ ഇന്ത്യക്ക് പെരുമ പറയാം. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ സുസ്ഥിരത കാത്തുസൂക്ഷിച്ചാലേ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പേരില്‍ അദ്ദേഹത്തിന്റെ പുസ്തകം ഈയിടെ പുറത്തിറങ്ങിയിരുന്നു.
അന്ധന്മാരുടെ നാട്ടിലെ ഒറ്റക്കണ്ണന്‍ രാജാവിന്റെ അവസ്ഥയാണ് ഇന്ത്യയുടേതെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു. സ്വന്തം രാജ്യത്തെക്കുറിച്ച് നമ്മള്‍ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനാലാണ് താന്‍ അന്ന് അങ്ങനെ അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. 2016 ഏപ്രിലിന് ശേഷം ഓരോ പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് താഴുകയാണ്.
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.7 ശതമാനം മാത്രമാണ് വളര്‍ച്ച. തൊട്ടു മുന്‍പാദത്തില്‍ ഇത് 6.1 ശതമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉയര്‍ന്ന വളര്‍ച്ച സുസ്ഥിരമായി നേടണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായമെത്തിക്കാന്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha