ഇന്ധന വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലയും വർദ്ധിക്കുന്നു
ഇന്ധന വിലയ്ക്കൊപ്പം സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കും വില അനുദിനം കൂടുകയാണ്. ഓണം കഴിഞ്ഞതോടെ പഴം, പച്ചക്കറി ഇനങ്ങളില്‍ ചിലതിന് വില കുറഞ്ഞുവെങ്കിലും അരി, ഉള്ളി, വെളിച്ചെണ്ണ, ശര്‍ക്കര തുടങ്ങിയ പല ഇനങ്ങളുടെയും വില ഉയര്‍ന്നു നില്‍ക്കുകയാണ്. ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ പാല്‍വിലയില്‍ ലിറ്ററിന് രണ്ടു രൂപവരെ കൂട്ടിയിട്ടുണ്ട്. കാലിതീറ്റയുടെ വിലകൂടിയതാണ് ഇതിനു കാരണം.
വിലക്കയറ്റത്തിനു കാരണമായ എണ്ണ വിപണിയുടെ ചലനാത്മക സ്വഭാവമാണ് ഇതില്‍ ഏറ്റവും പ്രതിസന്ധി തീര്‍ക്കുന്നത്. ഒരുമാസം കൊണ്ട് ഏഴു രൂപയ്ക്ക് മുകളിലായി പെട്രോള്‍ വിലയിലെ വര്‍ധന. സബ്സിഡി സിലിണ്ടറിന് ജൂലൈ ഒന്നിന് 473 രൂപയായിരുന്നത് ഇപ്പോള്‍ 489 രൂപയാണ്. സബ്സിഡി ഇല്ലാത്തതിന്റെ വില കൈവിട്ട് കുതിക്കുന്നത് ഹോട്ടല്‍ മേഖലയിലും, ബേക്കറി മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കും.
ജൂലൈ ഒന്നിന് കിലോയ്ക്ക് 147 രൂപയായിരുന്ന വെളിച്ചെണ്ണ വില 178 രൂപയിലെത്തി. ചിലയിടങ്ങളില്‍ 180 രൂപ വരെ ഈടാക്കുന്നുണ്ട്. പായ്ക്ക് ചെയ്ത ബ്രാന്‍ഡ് വെളിച്ചെണ്ണ വില 186 രൂപയിലെത്തിയിരിക്കുകയാണ്. കൊപ്ര ക്ഷാമമാണ് വിലവര്‍ധനവിന് കാരണമായി പറയുന്നത്. ഇന്നത്തെ നില തുടര്‍ന്നാല്‍ വൈകാതെ 200 രൂപയിലെത്തുമെന്നാണ് സൂചന.
മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും വില അല്‍പ്പം താഴ്ന്നിട്ടുണ്ടെങ്കിലും ഉള്ളിവില ഇപ്പോഴും 90 രൂപയില്‍ നില്‍ക്കുകയാണ്. വെള്ളക്കടല 142, കുത്തരി 51, പച്ചരി 32, പഞ്ചസാര 42 എന്നിങ്ങനെയാണ് വില. കടലയ്ക്ക് ഗുണനിലവാരമനുസരിച്ച് 80 മുതല്‍ 100 രൂപ വരെ വിലയുണ്ട്. ഏത്തക്കായക്ക് കിലോയ്ക്ക് 60 മുതല്‍ 66 രൂപ വരെയാണ് വില. ഞാലിപ്പൂവന്, കദളി ഇനങ്ങള്‍ക്ക് കിലോയ്ക്ക് 75 രൂപയ്ക്ക് മുകളിലാണ് ഇന്നലെയും വില.
ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വരുമ്ബോള്‍ 100ലധികം ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും പത്തെണ്ണത്തിന് മാത്രമെ കുറഞ്ഞിട്ടുള്ളൂ. ചെറുകിട വ്യാപാരികളെ സംബന്ധിച്ച് വന്‍കിടക്കാര്‍ ഇടുന്ന മാര്‍ജിന്‍ അനുസരിച്ച് വില്‍ക്കുക മാത്രമാണ് ഏക പോംവഴി.
https://www.facebook.com/Malayalivartha