വിലത്തകര്‍ച്ചയില്‍ കാര്‍ഷികമേഖല
ദക്ഷിണേന്ത്യന്‍ കുരുമുളകു കര്‍ഷകരുടെ ഉറക്കം കൊടുത്തി വിദേശ ഉത്പന്നം ആഭ്യന്തര വിപണി കൈയടക്കി. വിയറ്റ്നാം കുരുമുളകാണ് ഇന്ത്യന്‍ മാര്‍ക്കറ്റിനെ പ്രതിസന്ധിയിലാക്കിയത്. വിയറ്റ്നാമിലെ തോട്ടങ്ങള്‍ കാപ്പി വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. അതിനു മുമ്പായി സ്റ്റോക്കുള്ള കുരുമുളക് വിറ്റുമാറാനുള്ള തിടുക്കത്തിലാണ് വ്യാപാരികളും കര്‍ഷകരും. ഇരുവിഭാഗങ്ങളും ചരക്കിറക്കാന്‍ മത്സരിച്ചത് വിലത്തകര്‍ച്ചയുടെ ആക്കം കൂട്ടി. കിലോ മൂന്നര ഡോളറിനു പോലും, അതായത് കിലോ 225 രൂപയ്ക്കു പോലും കുരുമുളകിന്റെ കൈമാറ്റം നടന്നതായി വിയറ്റ്നാമിലെ ഇടനിലക്കാര്‍ വ്യക്തമാക്കി.
അയല്‍രാജ്യമായ കംബോഡിയന്‍ കുരുമുളകും വിയറ്റ്നാമില്‍ കുമിഞ്ഞുകൂടിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചരക്കു സംഭരിക്കുന്നുണ്ടെങ്കിലും ഉത്പാദനം രണ്ടര ലക്ഷത്തിലേക്കു നീങ്ങുമെന്ന സൂചന ആഗോള വിപണിയെ സമ്മര്‍ദത്തിലാക്കി. വിയറ്റ്നാമില്‍ മുളകുവില ടണ്ണിന് 3,600 ഡോളറിലേക്കു താഴ്ന്നത് ഇന്ത്യന്‍ വ്യവസായികളെ ഇറക്കുമതിക്കു പ്രേരിപ്പിച്ചു.
രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകുവില പിന്നിട്ട വാരം ടണ്ണിന് 250 ഡോളര്‍ കുറഞ്ഞു. യൂറോപ്യന്‍ കയറ്റുമതിക്ക് 7,550 ഡോളറും അമേരിക്കന്‍ കയറ്റുമതിക്ക് 7,750 ഡോളറുമാണ്.
വെളിച്ചെണ്ണ, കൊപ്ര വിലകള്‍ വീണ്ടും വര്‍ധിച്ചെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ പിടിച്ചുനില്ക്കാന് ക്ലേശിക്കുന്നു. ഓണം കഴിഞ്ഞതോടെ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്പന ചുരുങ്ങി. കിലോ 175 രൂപയ്ക്കു മുകളിലേക്ക് എണ്ണവില പ്രവേശിച്ചത് ഉപഭോക്താക്കളെ വെളിച്ചെണ്ണയില്‍നിന്നു പിന്തിരിപ്പിച്ചു. കൊച്ചിയില്‍ 16,400ല്‍ വ്യാപാരം നടന്ന വെളിച്ചെണ്ണ വീണ്ടും മികവിനു ശ്രമം നടത്തിയെങ്കിലും മില്ലുകളില്‍നിന്നുള്ള ചരക്കുവരവ് കനത്തതോടെ 16,200ലേക്കു താഴ്ന്നു. കൊപ്ര 11,000 റേഞ്ചില്‍നിന്ന് 10,855ലേക്ക് താഴ്ന്നു.
തമിഴ്നാട്ടിലെ വന്‍കിട മില്ലുകളില്‍ വെളിച്ചെണ്ണ സ്റ്റോക്കുള്ളതിനാല്‍ ഈ വാരം അവര്‍ വില്പനയിലേക്കു തിരിഞ്ഞാല്‍ വിലയില്‍ വന്‍ ചാഞ്ചാട്ടം സംഭവിക്കാം. മേയ് ആദ്യം 12,800 രൂപയില്‍ നീങ്ങിയ വെളിച്ചെണ്ണ അതിവേഗത്തിലാണ് ഓണ ഡിമാന്‍ഡില്‍ കയറിയത്. ദീപാവലിവേള വരെ രാജ്യത്തെ ഭക്ഷ്യയെണ്ണ വിപണികള്‍ ചൂടു നിലനിര്‍ത്തിയേക്കും.
https://www.facebook.com/Malayalivartha