പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാൽ പെട്രോളിന് 50 രൂപ ആയേക്കും
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാകുന്നു. ഇവ ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വില പകുതി വരെ കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രസര്‍ക്കാരിന്റെ നികുതിക്ക് ശേഷം പെട്രോളിന് 17 ശതമാനവും ഡീസലിന് 12 ശതമാനത്തോളവുമാണ് കേരളം നികുതിയായി ചുമത്തുന്നത്. ഇതനുസരിച്ച് ഇന്ധനവില വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന നികുതി വരുമാനവും വര്‍ധിക്കും. ഇതുപ്രകാരം കഴിഞ്ഞമാസം കേരളത്തിന്റെ ഖജനാവില്‍ എത്തിയത് 525 കോടിയോളം രൂപയാണ്. ജിഎസ്ടി വഴി ലഭിക്കുന്ന 1200 കോടിയോളം രൂപയുടെ നികുതി വരുമാനത്തോളം തന്നെയാണ് മദ്യത്തില്‍ നിന്നും ഇന്ധന നികുതിയില്‍ നിന്നും കേരളത്തിന്റെ ഖജനാവിലെത്തുന്നത്.
അതുകൊണ്ട് തന്നെ ഇന്ധനവിലയ്ക്കു മേല്‍ ജിഎസ്ടി ചുമത്തിയാല്‍ സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറയും. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തെ ഏതുവിധേനയും സംസ്ഥാനം ചെറുക്കും. ജിഎസ്ടി അവതരിപ്പിച്ചപ്പോള്‍ മദ്യത്തേയും ഇന്ധനത്തേയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നിന്നതും അതുകൊണ്ടുതന്നെയാണ്.
നിലവില്‍ ജിഎസ്ടി നികുതി നിരക്കുകള്‍ 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ്. ജിഎസ്ടി കൊണ്ടു വന്നാല്‍ തന്നെ പെട്രോള്‍, ഡീസല്‍ ജിഎസ്ടി 12 ശതമാനത്തിലും അധികമായിരിക്കും. ഇത് 12 ശതമാനമാണെങ്കില്‍ പെട്രോള്‍ വില ഡല്‍ഹിയില്‍ 38 രൂപയായി കുറയും. ഇത് 18 ശതമാനം ജിഎസ്ടിയാണെങ്കില്‍ 40 രൂപയായും 28 ശതമാനമെങ്കില്‍ 43.44 രൂപയായും വരും.
സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും വില 50 രൂപയില്‍ ഒതുങ്ങും. അങ്ങനെയെങ്കില്‍ നിലവിലെ നിരക്കിനേക്കാള്‍ 20 രൂപ കുറയും. നിലവില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില 58.72 രൂപ. 18 ശതമാനം ജിഎസ്ടി ചുമത്തിയാല്‍ വില 38 രൂപയിലും 28 ശതമാനമാണെങ്കില്‍ 48 രൂപയിലും ഡീസല്‍ നിരക്ക് ഒതുങ്ങും. എസ്‌യുവി സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും വില 49 രൂപയില്‍ നില്‍ക്കും. അപ്പോഴും നിലവിലെ നിരക്കിനേക്കാള്‍ പത്തു രൂപയോളം കുറവുണ്ടാകും.
അതേസമയം പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പെടുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനോ സംസ്ഥാനസര്‍ക്കാരിനോ മാത്രം തീരുമാനിക്കാനാവില്ല. ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗണ്‍സിലിനു മാത്രമേ ഇതിന് അധികാരമുള്ളൂ.
കൗണ്‍സില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷേ കേരളം അടക്കം നിലപാട് എടുക്കുന്നില്ല. ധനമന്ത്രി തോമസ് ഐസക്കിന് വലിയ സ്വാധീനം ജിഎസ്ടിയിലുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന് ശാഠ്യം പിടിച്ചത് സംസ്ഥാനങ്ങള്‍ തന്നെയാണ്.
https://www.facebook.com/Malayalivartha