അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ജി.എസ്.ടി; കേന്ദ്ര സര്‍ക്കാര്‍ തിരുമാനത്തിനെതിരെ വ്യാപാരികള്‍
ബ്രാന്റഡ് അല്ലാത്ത അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം വന്‍ വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് വ്യാപാരികള്‍. കഴിഞ്ഞ മാസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലാണ് അരി, പലവ്യഞ്ജനങ്ങള്‍ എന്നിവയെ ജി.എസ്.ടിയുടെ പിരിധിയിലാക്കാനുള്ള തീരുമാനം ഉണ്ടായത്.
സാധാരണക്കാരുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പിന്നീട് വന്ന ജി.എസ്.ടി ഭേദഗതി വിശദീകരണത്തിലാണ് അഞ്ച് ശതമാനം ജി.എസ്.ടി അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ഏര്‍പ്പെടുത്തുമെന്ന തീരുമാനമുണ്ടായത്. ബ്രാന്റഡ് അല്ലാത്തതിനാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കുറുവ, ജയ, പൊന്നി പോലുള്ള അരികള്‍ പുതിയ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ജി.എസ്.ടി പരിധിയിലാവും. അഞ്ച് ശതമാനം ജി.എസ്.ടിയും നല്‍കേണ്ടി വരും. ഇത് അരിവില ഉയരാന്‍ ഇടയാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
പുതിയ ഭേദഗതി നടപ്പിലായാല്‍ അരിക്ക് രണ്ട് രൂപയെങ്കിലും കൂടും. 20 ടണ്‍ ഉള്ള ഒരു ലോഡ് അരി ഇറക്കുമതി ചെയ്യുമ്ബോള്‍ 40,000 രൂപ നികുതി ഇനത്തില്‍ വ്യാപാരികള്‍ നല്‍കേണ്ടി വരുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. പുതിയ തീരുമാനം എപ്പോള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാപാരികള്‍ ആശങ്കയിലാണ്. ഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് വ്യാപാരികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha