ഡേര കാമ്പസിലെ 14 കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിൽ ; നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി
ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ 800 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സിനിമാ നിര്‍മാണം, വസ്ത്ര വിപണനം എന്നിവയും കാര്‍ഷിക വിത്തുകള്‍, കീടനാശിനി, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന 14 കമ്പനികളാണ് അടച്ചിട്ടിരിക്കുന്നത്.
സിങിന്റെയോ ദേരയുടെയോ നേരിട്ട് ഉടമസ്ഥതയിലുള്ളതല്ല ഈ സ്ഥാപനങ്ങള്‍. സഹായികളുടെയോ റാം റഹിം സിങുമായി ബന്ധമുള്ളവരുടെയോ പേരിലുള്ളവയാണ് ഇവ. റാം മൂര്‍ത്തി, ഗുരുചരണ്‍ സിങ്, ഗുലാബ് മാള്‍, അരുണ്‍ കുമാര്‍ ഗാര്‍ഗ് തുടങ്ങിയവരാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിലുള്ള രേഖകള്‍ പ്രകാരം പല കമ്പനികളുടെയും ഡയറക്ടര്‍മാര്‍. വ്യാജവിലാസത്തിലാണ് പല കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മധ്യവര്‍ഗക്കാരും പാവങ്ങളുമായ ഭൂരിഭാഗംപേരും ഈ കമ്പനികളിലെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരുമായിരുന്നു. ഗുര്‍മീത് സിങിന്റെ അനുയായികളാണ് മിക്ക കമ്പനികളിലെയും തൊഴിലാളികള്‍. അടുത്തുള്ള ഗ്രാമത്തില്‍നിന്ന് 2000ത്തോളം സ്ത്രീകളാണ് ഇവിടെ ജോലിചെയ്യുന്നത്. 150 മുതല്‍ 200 രൂപവരെയാണ് പ്രതിദിനം ഇവര്‍ക്ക് നല്‍കുന്ന കൂലി.
ഇത് പ്രകാരം 6000 രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം സൗജന്യമായിരുന്നു. വീട്ടില്‍നിന്ന് വരുന്നതിനും തിരിച്ചുപോകുന്നതിനും വാഹനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കമ്പനികള്‍ അടച്ചതോടെ ഇവരില്‍ പലര്‍ക്കും തൊഴിലില്ലാതായി. പലര്‍ക്കും മുന്‍മാസങ്ങളിലെ ശമ്പളവും ലഭിക്കാനുണ്ട്.
https://www.facebook.com/Malayalivartha