ജി.എസ്.ടിയുടെ വരവോടെ വിലയിലെ വ്യത്യാസങ്ങൾ കുറയേണ്ടിടത്ത് ഗ്യാസ് സിലിൻഡറിന് പലയിടത്തും തോന്നിയ വില
ഗാർഹികാവശ്യത്തിന് സബ്സിഡിയോടെ നൽകുന്ന പാചകവാതകത്തിനാണ് റിഫൈനറിയിൽ നിന്നും വിതരണ ഏജൻസിയിൽനിന്നുമുള്ള ദൂരത്തിനനുസരിച്ച് പല വില ഈടാക്കുന്നത്. ഇതുകൂടാത്ത വിതരണ ഏജന്റുമാരിൽ ചിലരുടെ ബില്ലിനുപുറത്തുള്ള കൊള്ളകൾ വേറേയും. ജി.എസ്.ടി. നിലവിൽ വന്നതോടെ വിലയിലുള്ള വ്യത്യാസം കുറയേണ്ടിടത്താണ് ഗ്യാസ് സിലിൻഡറിന് ഈ വില വ്യത്യാസം
സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുകയാണ് വിലയിലെ ഈ തോന്നിവാസങ്ങൾ. വിതരണ ചാർജിനടക്കം അഞ്ചുശതമാനം ജി.എസ്.ടി. ഈടാക്കുന്നുമുണ്ട്. പലതരം കൊള്ളകൾ കാരണം ഉൾപ്രദേശങ്ങളിലുള്ള പലർക്കും യഥാർഥവിലയേക്കാൾ മുപ്പതുമുതൽ നൂറുരൂപയോളം കൂടുതൽ നൽകേണ്ടിവരുന്നു.
ഗ്യാസ് ഏജൻസിയിൽനിന്ന് വീടുകളിലേക്കുള്ള ദൂരപരിധിയനുസരിച്ച് ഓരോ ജില്ലയിലും അതാത് ജില്ലാ കളക്ടർമാർ ഡെലിവറി ചാർജുകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഭൂരിപക്ഷം ഉപഭോക്താക്കളും അജ്ഞരാണ്.
ഉദാഹരണത്തിന് മലപ്പുറം ജില്ലയിൽ അഞ്ചുമുതൽ 10 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള വീടുകൾക്ക് 30 രൂപയാണ് ഡെലിവറി ചാർജ് (അഞ്ചുകിലോമീറ്റർ വരെ ചാർജില്ല). 10 മുതൽ 15 വരെ 35 രൂപയും 15-നു മുകളിൽ 45 രൂപയും ഈടാക്കാം. എന്നാൽ വിതരണക്കാർക്കിടയിലെ ചിലർ പരമാവധി തുകയായ 45 രൂപയും പുറമെ ‘കൈമണി’ യായി ഒരു തുകയും ഈടാക്കുന്നു.
ഇത് വിതരണസംഘത്തിലെ വ്യക്തികൾ തങ്ങളറിയാതെ നടത്തുന്ന കൊള്ളയായിരിക്കാമെന്നും ഉപഭോക്താക്കൾ നിർബന്ധമായും രസീത് ചോദിച്ചുവാങ്ങിയാൽ ഈ കൊള്ള ഇല്ലാതാക്കാമെന്നുമാണ് ഏജൻസികൾ പറയുന്നത്.
https://www.facebook.com/Malayalivartha