സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ കേന്ദ്രസര്‍ക്കാരിന്റെ 50,000 കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി
ധന കമ്മി ലഘൂകരിക്കുന്നതിന്റെ ഭാഗമായി 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടിരൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേയ്ക്കു നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. ഇക്കഴിഞ്ഞ ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.9 ശതമാനത്തിൽ നിന്ന് മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണിത്. സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അമ്പതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി ആവിഷ്‌കരിക്കുന്നത്.
ജി.ഡി.പി വളർച്ച മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ തേടി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഉന്നതതല യോഗം വിളിച്ചിരുന്നു. വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു യോഗം നടന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ ജയ്റ്റ്‌ലി ഇന്നലെ വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ മറ്റു വകുപ്പുകളുമായും ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് നരേന്ദ്ര മോദിയുമായി ആലോചിച്ച ശേഷം സാമ്പത്തിക നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് ജയ്റ്റ്‌ലി പറഞ്ഞത്.
https://www.facebook.com/Malayalivartha