പമ്പുടമകളുടെ കമ്മിഷനിലും കൈയിട്ട് വാരി എണ്ണക്കമ്പനികൾ
പ്രതിദിനം വില വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ പിഴിയുന്ന എണ്ണക്കമ്പനികൾ പമ്പുടമകൾക്ക് വർദ്ധിപ്പിച്ചുനൽകിയ കമ്മിഷനിലും കൈയിട്ടുവാരുന്നു. ദീർഘനാളത്തെ ആവശ്യത്തിനൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കമ്മിഷൻ ഇനത്തിൽ വർദ്ധിപ്പിച്ച 85 പൈസയിൽ 43 പൈസയും തിരിച്ചുപിടിക്കുകയാണ് എണ്ണക്കമ്പനികൾ. ലൈസൻസ് ഫീസ് റിക്കവറിയുടെ പേരിലാണ് ഈ കൊള്ള.
വൻതുക നിക്ഷേപിച്ച് പമ്പുകൾ ആരംഭിക്കുന്നവർക്ക് ന്യായമായ കമ്മിഷൻ ലഭിക്കുന്നില്ലെന്ന് ഉടമകളുടെ രണ്ട് സംഘടനകളും ഉന്നയിച്ചിരുന്നു. സമരം ഉൾപ്പെടെ പ്രഖ്യാപിച്ചതോടെയാണ് 85 പൈസ വർദ്ധിപ്പിച്ചത്. പെട്രോളിന് 2.02 രൂപയും ഡീസലിന് 1.86 രൂപയുമാണ് കമ്മിഷൻ. പമ്പുകൾ നടത്താൻ ഒമ്പതോളം ലൈസൻസുകൾ ഓരോ വർഷവും പുതുക്കേണ്ടതുണ്ട്. ലൈസൻസ് പുതുക്കുന്ന ഉത്തരവാദിത്തം എണ്ണക്കമ്പനികൾ ഏറ്റെടുത്തിരുന്നു.
ഇതിന്റെ പേരിലാണ് ലൈസൻസ് ഫീ റിക്കവറി എന്ന പേരിൽ ഓരോ ലിറ്റർ പെട്രോളിനും 37 പൈസ വീതം തിരിച്ചുപിടിക്കുന്നത്. ഇതിനുനികുതി കൂടി വരുന്നതോടെ 43 പൈസ കമ്പനികൾ കീശയിലാക്കുകയാണെന്ന്; ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ്, അസോസിയേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് എന്നിവയുടെ ഭാരവാഹികൾ പറഞ്ഞു.
പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ശൗചാലയങ്ങൾ നിർബന്ധമാണ്. ശൗചാലയം എണ്ണക്കമ്പനി നിർമ്മിക്കും. വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല പമ്പുടമകൾക്കാണ്. നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇവ ചെയ്ത് ലോഗ് ബുക്കിൽ രേഖപ്പെടുത്തി കമ്പനിയെ ബോദ്ധ്യപ്പടുത്തുകയും വേണം. ഇതിന്റെ ചെലവ് കമ്പനികൾ നൽകുന്നില്ലെന്ന പരാതിയുമുണ്ട്.
https://www.facebook.com/Malayalivartha