സാങ്കേതിക തകരാര്‍; ദോഹ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 521 വിമാനം തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു.
മംഗലാപുരത്തു നിന്ന് ദോഹയിലേക്ക് വ്യാഴാഴ്ച വൈകിട്ട് 5.40ന് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. യാത്രയ്ക്കിടെ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആറരയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാർക്കോ വിമാനത്തിലെ ജീവനക്കാർക്കോ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയുടെ വിദഗ്ധസംഘം വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കായി വെള്ളിയാഴ്ച രാവിലെ 5.30ന് പ്രത്യേകവിമാനം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നുകിൽ റീഷെഡ്യൂൾ ചെയ്ത വിമാനത്തിൽ യാത്രക്കാർക്ക് പോകാം. അല്ലെങ്കിൽ ടിക്കറ്റിന്റെ പണം മുഴുവനായും തിരിച്ചു നൽകുകയോ യാത്ര പിന്നത്തേക്ക് മാറ്റുകയോ ചെയ്യാം. വെള്ളിയാഴ്ച പുലർച്ചെ പോകാൻ തയാറായവർക്ക് വേണ്ട താമസ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
https://www.facebook.com/Malayalivartha