മലയാളി വാര്‍ത്ത.
വീടായാല്‍ അവിടെ ഒരു ടൂവീലറെങ്കിലും വേണം എന്നതായിരുന്നു അടുത്ത കാലം വരെയുണ്ടായിരുന്ന `പൊതുതാത്‌പര്യം'. എന്നാല്‍, അതു കുറച്ചുകൂടി വിപുലമാക്കപ്പെട്ടിരിക്കുന്നു. വീടായാല്‍ ഒരു കാറെങ്കിലും വേണമെന്നതായിരിക്കുന്നു ഇപ്പോഴത്തെ പൊതുചിന്ത. ഈ പൊതുതാത്‌പര്യത്തെ ഉപയോഗപ്പെടുത്തുക ലക്ഷ്യമാക്കിയുള്ള മത്സരങ്ങളും തന്ത്രങ്ങളും വാഹന വിപണിയില്‍ സജീവവുമാണ്. അത്തരത്തില്‍ ഏറെ സജീവമായിക്കഴിഞ്ഞിരിക്കുന്ന ഒരു കച്ചവട മേഖലയാണു യൂസ്‌ഡ് കാര്‍ വിപണി. പഴയ കാറുകളുടെ വില്‌പന.
മുന്‍കാലങ്ങളില്‍ വാഹന ഉടമകള്‍ തന്നെ ആയിരുന്നു ഇത്തരം വില്‌പനകള്‍ക്കു മുന്നിട്ടിറങ്ങിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. കാറുകള്‍ വില്‌പന നടത്തുന്ന ഷോറൂമുകള്‍ പോലെ തന്നെ യൂസ്‌ഡ്‌കാര്‍ ഷോറൂമുകളും സജീവം. ഫലമോ? പുതിയ കാറുകളുടെ അത്രയും തന്നെ വില്‌പന പഴയ കാറുകള്‍ക്കുമുണ്ടായിരിക്കുന്നു. പഴയ കാര്‍ വിപണി ശരാശരി 15 ശതമാനത്തിന്റെ വളര്‍ച്ചയാണത്രെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേടിക്കൊണ്ടിരിക്കുന്നത്.
മധ്യവര്‍ഗവും ഇടത്തരക്കാരുമായിട്ടുള്ളവരാണു യൂസ്‌ഡ് കാര്‍ വിപണിയെ ആശ്രയിക്കുന്നത്. പുതിയ മോഡല്‍ കാറുകള്‍ മാസാമാസം വിപണിയിലിറങ്ങുന്നതും യൂസ്‌ഡ് കാറുകളുടെ വില്‌പനയുടെ മൈലേജ് വര്‍ധിപ്പിച്ചിരിക്കുന്നു. ഇതില്‍ 60 ശതമാനം കച്ചവടവും കാറിന്റെ ഉപഭോക്താക്കള്‍ തമ്മില്‍ നേരിട്ടാണ്. 28 ശതമാനം കച്ചവടം ബ്രോക്കര്‍മാര്‍ വഴിയും നടക്കുന്നു. ബാക്കി 12 ശതമാനം കാര്‍കമ്പനികള്‍ പ്രഖ്യാപിക്കുന്ന എക്‌സ്‌ചേഞ്ച് മേളകളിലാണു കൈമാറ്റം ചെയ്യപ്പെടുന്നത്.
ഇന്ത്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ കാര്‍ വിപണികളിലൊന്നായ അമേരിക്കയില്‍ യൂസ്‌ഡ്‌കാര്‍ വില്‌പന മൂന്നിരട്ടിയോളമാണ്. അതായത് ഇന്ത്യയില്‍ പുതിയ കാറിന്റെയും പഴയകാറിന്റെയും വില്‌പന തമ്മിലുള്ള അനുപാതം 1:1 ആണ്. അതേസമയം അമേരിക്കയിലിത് 1:2.8 ആണ്. അതായതു പുതിയ ഒരു കാര്‍ വില്‌ക്കപ്പെടുമ്പോള്‍ പഴയ 2.8 കാറുകളുടെ വില്‌പന അമേരിക്കയില്‍ നടക്കുന്നു. സാമ്പത്തിക പ്രതിസന്ധി യൂസ്‌ഡ്‌കാര്‍ വിപണിയെ ബാധിക്കുന്നില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. അതിനാല്‍തന്നെ യൂസ്‌ഡ് കാര്‍ വിപണി കുതിപ്പു തുടരുമത്രെ.