വിദ്യാര്‍ഥികള്‍ക്ക് സബ്സിഡിയായി നല്‍കിയ തുക എസ്ബിഐ പൂഴ്ത്തിയതായി റിപ്പോര്‍ട്ട്
സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് സബ്സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്ബിഐ പൂഴ്ത്തി. 2009 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലായാണ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട ഈ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റാതെ എസ്ബിഐ സ്വന്തമാക്കിയത്.
കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ വായ്പ പലിശ സബ്സിഡി പദ്ധതി പ്രകാരം കുടുംബ വരുമാനം 4.5 ലക്ഷത്തില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലത്ത് പലിശ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് അപേക്ഷ നല്‍കിയാല്‍ അവര്‍ക്ക് പലിശ സബ്സിഡി തുക ലഭിക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത് കനറ ബാങ്കാണ്. എസ്ബിഐയുടെ അപേക്ഷപ്രകാരം ഈ ഇനത്തില്‍ 2009 മുതല്‍ 2016 വരെയുള്ള ഏഴുവര്‍ഷത്തേക്ക് 2,333 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കിയത് 1,799 കോടി മാത്രമാണ്. ബാക്കി തുക ഇപ്പോഴും ബാങ്ക് കൈകാര്യം ചെയ്യുകയാണ്.
2009-'10ല്‍ എസ്ബിഐ കേന്ദ്ര സര്‍ക്കാറില്‍നിന്ന് 86.92 കോടി രൂപയാണ് സബ്സിഡിയായി കൈപ്പറ്റിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയത് വെറും 7.95 കോടി. ഒരു ദേശീയ മാധ്യമ സ്ഥാപനം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ പ്രകാരം 2010-'11ല്‍ 20.06 കോടി, 2011-'12ല്‍ 54.54 കോടി, 2012-'13ല്‍ 51.74 കോടി, 2013-'14ല്‍ 101.94 കോടി, 2014-'15ല്‍ 17.12 കോടി എന്ന തോതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ളതായാണ് കാണുന്നത്. 2015-'16ല്‍ മാത്രം 280.94 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ല.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സബ്സിഡി കിട്ടാതെ വരുന്നത് അവരുടെ പഠന ചെലവ് ഉയര്‍ത്തും. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ അയച്ച നിരവധി പരാതികള്‍ അവഗണിക്കപ്പെട്ടു. അര്‍ഹതയുള്ളതിനെക്കാള്‍ കുറഞ്ഞ തുക പലിശ സബ്സിഡിയായി കൈമാറിയാണ് എസ്ബിഐ 'മിച്ചം' ഉണ്ടാക്കിയത്. പലിശയിനത്തില്‍ കിട്ടേണ്ട മുഴുവന്‍ തുകയും ലഭിക്കാതെ വരുമ്പോൾ ബാക്കി തുക ബാങ്കിലടക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാവും. രാജ്യ വ്യാപകമായി നിരവധി വിദ്യാര്‍ത്ഥികള്‍ എസ്ബിഐയുടെ ഈ ക്രൂരവിനോദത്തിന് ഇരയായി. ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലാഘവ ബുദ്ധിയോടെയാണ് എസ്ബിഐ മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha