6,000 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു
ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ ഹ്വാവേയില്‍ നിന്ന് 6,000 രൂപ വിലയുള്ള 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. അടുത്ത വര്‍ഷം ഇത് ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഇതുവഴി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്, ആപ്പിള്‍ എന്നിവര്‍ക്ക് കടുത്ത മത്സരമൊരുക്കാന്‍ ഹ്വാവേയ്ക്ക് കഴിയും.
നിലവില്‍ വളരെ കുറച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമാണ് ഹ്വാവേ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. താരതമ്യേന വില കുറഞ്ഞ 4 ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുക വഴി വില്‍പ്പന വന്‍തോതില്‍ ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വില കുറഞ്ഞ സ്മാര്‍ട്ട് ഫോണിനായുള്ള ചിപ്‌സെറ്റ് ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞതായി ഹ്വാവേ ടെലികമ്യൂണിക്കേഷന്‍സ് (ഇന്ത്യ) സി.ഇ.ഒ. കായ് ലിക്വന്‍ പറഞ്ഞു. 4 ജി അധിഷ്ഠിത ഫോണാണെങ്കിലും 3 ജി, 2 ജി എന്നിവയും സപ്പോര്‍ട്ട് ചെയ്യും.
നിലവില്‍ 20,000 രൂപയ്ക്ക് മുകളിലാണ് 4 ജി അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകളുടെ ശരാശരി വില. ഭാരതി എയര്‍ടെല്‍ ഏതാനും നഗരങ്ങളില്‍ 4 ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്. റിലയന്‍സ് ജിയോ അടുത്ത വര്‍ഷം രാജ്യമൊട്ടാകെ 4 ജി സേവനം അവതരിപ്പിക്കാനിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളുടേയും ഇന്റര്‍നെറ്റ് ഡാറ്റ ഡോംഗിളുകളുടേയും വില്‍പ്പനയിലൂടെ ഇന്ത്യയില്‍ നിന്ന് 2017 ഓടെ 3,600 കോടി രൂപയുടെ വിറ്റുവരവാണ് ഹ്വാവേ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha