25 ലക്ഷത്തിനു മുകളില്‍ നിക്ഷേപമുണ്ടോ? ആദായനികുതി വകുപ്പ് പിന്നാലെ...
25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. 1.16 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. നോട്ട് നിരോധനത്തിനുശേഷം 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് വ്യക്തമായ വിശദീകരണം നല്കാത്തതിനാലാണ് നോട്ടീസ് അയച്ചത്.
ആദായനികുതി അടച്ച വലിയ തുകയുടെ നിക്ഷേപകരും വകുപ്പിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. 2016 നവംബര്‍ എട്ടിലെ കറന്‍സി റദ്ദാക്കലിനു ശേഷം 2.5 ലക്ഷം രൂപയ്ക്കു മുകളില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിക്ഷേപിച്ച 18 ലക്ഷം പേരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ക്രോഡീകരിച്ചിരുന്നു. ഇതില്‍ 25 ലക്ഷത്തിനു മുകളില്‍, 10-15 ലക്ഷം എന്നീ വിഭാഗങ്ങളില്‍ നികുതി അടയ്ക്കാത്ത കമ്പനികളെയും വ്യക്തികളെയും പ്രത്യേകമായി തിരിച്ചിരുന്നു.
25 ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തിയവര്‍ 1.16 ലക്ഷം പേരാണെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ഇവരോട് 30 ദിവസത്തിനുള്ളില്‍ ആദായനികുതി അടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 10-25 ലക്ഷം രൂപയ്ക്കുള്ളില്‍ ബാങ്കുകളില്‍ നിക്ഷേപിച്ച 2.4 ലക്ഷം പേരുണ്ട്. നികുതി അടയ്ക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് രണ്ടാംഘട്ടത്തില്‍ നോട്ടീസ് അയയ്ക്കും.
ആദായനികുതി നിയമം ലംഘിച്ചവരുടെ എണ്ണം ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവില്‍ ഇരട്ടിയിലധികം ഉയര്‍ന്ന് 609 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 288 ആയിരുന്നു. കൂടാതെ പരാതികള്‍ 652ല്‍നിന്ന് 1,046 എണ്ണമായി ഉയര്‍ന്നു. 43 പേര്‍ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.
ഔദ്യോഗിക റിപ്പോര്‍ട്ടുകളനുസരിച്ച് 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 3.68 ലക്ഷം കോടി രൂപ കറന്‍സി റദ്ദാക്കലിനുശേഷം നിക്ഷേപിച്ചിട്ടുണ്ട്. 17.73 ലക്ഷം പേരാണ് സംശയാസ്പദമായി പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 16.92 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളായ 11.8 ലക്ഷം പേര്‍ ആദായനികുതി വകുപ്പിന് വിശദീകരണം നല്കിയിരുന്നു.
https://www.facebook.com/Malayalivartha