ബിറ്റ്‌കോയിന്‍ വിനിമയമൂല്യത്തിന് വന്‍ കുതിപ്പ്
ബിറ്റ്‌കോയിന്‍ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍ നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും മൂല്യം തകര്‍ന്നേക്കാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യാപാരതോതില്‍ വന്‍ മുന്നേറ്റം നടത്തിയതോടെ കഴിഞ്ഞ ഒമ്പത് മാസമായി മൂല്യത്തില്‍ മികച്ച നേട്ടമാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനുണ്ടായത്.
ജനുവരി ഒന്നുമുതല്‍ കണക്കാക്കുകയാണെങ്കില്‍ പത്തിരട്ടി ഉയര്‍ച്ചയാണ് ഉണ്ടായത്. ജനുവരിയില്‍ 1000 ഡോളറായിരുന്നു മൂല്യം. നവംബറില്‍ മാത്രമുണ്ടായ നേട്ടം 3,550 ഡോളറാണ്. ഒരാഴ്ചമുമ്പാകട്ടെ 6000 ഡോളറുമായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. ചരിത്രത്തില്‍ ഇതാദ്യമായി ക്രിപ്‌റ്റൊകറന്‍സിയുടെ മൊത്തം വിപണിമൂല്യം 300 ബില്യണ്‍ ഡോളറാകുകയും ചെയ്തു.
ക്രിപ്‌റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അനേകം കറന്‍സികളില്‍ ഒന്നുമാത്രമാണ് ബിറ്റ്‌കോയിന്‍. ഇത് സാധാരണ പണംപോലെ കൈയില്‍ പിടിക്കാനോ പേഴ്‌സില്‍ വെക്കാനോ കഴിയുന്ന ഒന്നല്ല. ഈ കോയിന്‍ നിര്‍മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റലാണ്.
വലിയ പ്രോസസിങ് ശേഷിയുള്ള കംപ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ഒരു ബിറ്റ്‌കോയിന്‍ ഡിസൈന്‍ ചെയ്യുന്നത്. ബിറ്റ്‌കോയിനുകള്‍ ഡിജിറ്റല്‍ ലോകത്തെ പണവിനിമയത്തിനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.
ക്രമേണ മറ്റുമേഖലകളിലും മൂല്യമുണ്ടായതോടെയാണ് ബിറ്റ്‌കോയിന്‍ ഒരു നിക്ഷേപമാര്‍ഗമായത്. റഷ്യയില്‍ ഇത്തരം കോയിനുകള്‍ നിര്‍മിക്കാന്‍ (മിന്റ് ചെയ്യുകയെന്ന് ബിറ്റ്‌കോയിന്‍ ആരാധകര്‍ പറയും) ഒരുപാട് കംപ്യൂട്ടറുകള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാമുകള്‍ തന്നെയുണ്ട്. ജപ്പാന്‍കാരനായ സതോഷി നകാമോട്ടോയാണ് ബിറ്റ്‌കോയിനിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ലെന്നും ഒരുകൂട്ടം ആളുകളാണെന്നും അഭിപ്രായമുണ്ട്.
https://www.facebook.com/Malayalivartha