പുത്തന്‍ ടാക്‌സിക്കാറുകളില്‍ വേഗപ്പൂട്ടിനായി ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു
പുതുതായി വാങ്ങുന്ന ടാക്‌സിക്കാറുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതോടെ ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു. വേഗപ്പൂട്ട് കമ്പനികള്‍ നല്‍കാത്തതിനാല്‍ പതിനയ്യായിരം രൂപവരെയാണ് വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ ഈടാക്കുന്നത്. വേഗപ്പൂട്ടില്ലാതെ വണ്ടി ടെസ്റ്റ് നടത്താനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.
ഇതോടെ ബാങ്ക് വായ്പയെടുത്ത് കാറുകള്‍ വാങ്ങിയവര്‍ക്ക് അത് നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ്. പുതുതായി വാങ്ങുന്ന ടാക്‌സിക്കാറുകളില്‍ വേഗപ്പൂട്ട് വേണമെന്നത് കേന്ദ്ര നിര്‍ദ്ദേശമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ടാക്‌സികള്‍ ധാരാളമുള്ളതിനാല്‍ നിരവധി കമ്പനികള്‍ വേഗപ്പൂട്ട് ഇറക്കുന്നുണ്ട്.
കൂടാതെ കാര്‍ കമ്പനികള്‍തന്നെ വേഗപ്പൂട്ട് നല്‍കണമെന്ന് ഇതര സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ടാക്‌സികള്‍ അധികം ഇല്ല. അതുകൊണ്ട് തന്നെ കമ്പനികള്‍ വേഗപ്പൂട്ട് ഇറക്കുമതി ചെയ്യുന്നില്ല. കൂടാതെ വേഗപ്പൂട്ട് നല്‍കണമെന്ന് കാര്‍ കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമില്ല. അതുകൊണ്ട്തന്നെ വണ്ടി വാങ്ങുന്നവര്‍ വേഗപ്പൂട്ട് സംഘടിപ്പിച്ച് വേണം ടെസ്റ്റിനെത്താന്‍.
കാര്‍ കമ്പനികളും മോഡലുകളും മാറുന്നതിനനുസരിച്ച് വോഗപ്പൂട്ട് ഘടിപ്പിക്കുന്ന കണക്ടറുകള്‍ക്ക് മാറ്റം വരും എന്നതാണ് ഡ്രൈവര്‍മാരെ കുഴയ്ക്കുന്നത്. വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് കണക്ടറുകള്‍ നോക്കി വേഗപ്പൂട്ട് ഓഡര്‍ ചെയ്യണം. 5000ത്തില്‍ താഴെ മാത്രം ചെലവുവരുന്നതിന് 15000 രൂപ വരെ നല്‍കണം. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങിയവര്‍ റോഡിലിറക്കാന്‍ കഴിയാതെ വാഹനം ഷെഡില്‍ ഇട്ടിരിക്കുകയാണ്. പലരുടെയും തിരിച്ചടവും മുടങ്ങി. എന്നാല്‍ പഴയ വാഹനങ്ങളുടെ ടെസ്റ്റിന് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുമില്ല.
സംസ്ഥാനത്ത് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ അധികവും സ്വകാര്യ ആഡംബരകാറുകളാണെന്ന് ടാക്‌സിഡ്രൈവര്‍മാര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും പ്രായമുള്ളവരാണ്. അമിതവേഗത്തില്‍ ഓടിക്കാറുമില്ല. അപകടം തടയാനാണെങ്കില്‍ ആഡംബരകാറുകളിലാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കേണ്ടത്. വാഹനം വാങ്ങിയാല്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ മൂന്നുമാസത്തെ സമയമെങ്കിലും അനുവദിക്കണമെന്നും ബൈക്ക് കമ്പനികള്‍ തന്നെ ഹെല്‍മറ്റ് നല്‍കണമെന്നത്‌പോലെ വേഗപ്പൂട്ടിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha