ജി.എസ്.ടി.യില്ലാത്ത കേക്ക് തേടി ജനം; നികുതി അഞ്ചില്‍നിന്ന് 18 ശതമാനമായി
ക്രിസ്മസ് കേക്കിന് നല്‍കേണ്ടത് 18 ശതമാനം ജി.എസ്.ടി. ഇതോടെ കേക്കിന്റെ വില കുത്തനെ കൂടി. പ്രമുഖ ബേക്കറികളില്‍ നിന്ന് ഒരുകിലോ കേക്ക് വാങ്ങിയാല്‍ 100-150 രൂപ നികുതിയായി നല്‍കേണ്ട സ്ഥിതിയാണ്.
ജി.എസ്.ടി.ക്കുമുമ്പ് വെറും അഞ്ചുശതമാനമായിരുന്നു കേക്കിന്റെ നികുതി. ജി.എസ്.ടി. നടപ്പാക്കിയതുമുതല്‍ ഇത് 18 ശതമാനമായി. വര്‍ഷം ഒന്നരക്കോടിക്കുമുകളില്‍ വിറ്റുവരവുള്ള ബേക്കറികള്‍ക്കെല്ലാം പുതിയ നികുതിനിരക്ക് ബാധകമാണ്
നികുതി കൂടിയത് ബേക്കറി ഉടമകളെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുന്നു. നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ക്രിസ്മസ് ആഘോഷത്തിന് കേക്ക് അനിവാര്യമായതിനാല്‍ ഇപ്പോഴാണ് കേക്കിലെ ജി.എസ്.ടി. കൊള്ള ജനം തിരിച്ചറിയുന്നത്. ഒരുകിലോ കേക്കിന് നിലവാരമനുസരിച്ച് ഇപ്പോള്‍ 300 രൂപമുതല്‍ 900 രൂപ വിലയുണ്ട്. 500 രൂപ വിലയുള്ള കേക്കിന് 90 രൂപ നികുതി നല്‍കണം. കേക്കുവാങ്ങാന്‍ വരുന്നവര്‍ ജി.എസ്.ടി.യില്ലാത്ത കേക്കുണ്ടോ എന്ന് ചോദിച്ചുതുടങ്ങിയതായി ബേക്കറി ഉടമകള്‍ പറയുന്നു.
ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള ബേക്കറികള്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിതനിരക്ക് നികുതി നല്‍കിയാല്‍ മതി. ഇതിന് മുകളില്‍ വിറ്റുവരവുള്ളവര്‍ ഉത്പന്നത്തിന്റെ നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി നല്‍കണം. ഹോട്ടല്‍ ഭക്ഷണത്തിന് അടുത്തിടെ ജി.എസ്.ടി. കുറച്ചെങ്കിലും ബേക്കറി ഉത്പന്നങ്ങളില്‍ പലതിനും ഇപ്പോഴും ഉയര്‍ന്ന നികുതിയാണ്. ഹോട്ടലില്‍ നിന്ന് ഉഴുന്നുവട കഴിച്ചാല്‍ അഞ്ചുശതമാനം നല്‍കിയാല്‍ മതി. എന്നാല്‍ നികുതി നല്‍കാന്‍ ബാധ്യതയുള്ള ബേക്കറിയില്‍ നിന്ന് ഇത് കഴിച്ചാല്‍ 18 ശതമാനം നല്‍കണം.
https://www.facebook.com/Malayalivartha