ഇന്ത്യന്‍ കോഫി ഹൗസിന് 149 കോടി വരുമാനം
ഇന്ത്യന്‍ കോഫി ഹൗസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 149 കോടി. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളിലുള്ള 52 ഇന്ത്യന്‍ കോഫി ഹൗസുകളില്‍ നിന്നു മാത്രം 101 കോടി വിറ്റുവരവ്. തൃശൂരിനു വടക്കോട്ടുള്ള കോഫിഹൗസുകളുടെ വിറ്റുവരവ് 48 കോടിയാണ്. ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘത്തിന്റെ കീഴിലാണു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കോഫിഹൗസുകള്‍. 2500 ജീവനക്കാരുടെ ശമ്പളവും ബോണസും വാടകയും നികുതികളും മറ്റു ചെലവുകളും കഴിഞ്ഞാണ് വന്‍ അറ്റാദായം നേടിയത്. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 14.2 കോടി രൂപയുടെ അധിക വില്‍പനയുമുണ്ടായതാണു വിറ്റുവരവു നൂറു കോടി കവിയാന്‍ കാരണമായത്. എകെജി 1958ല്‍ തുടങ്ങിയതാണ് കോഫി ഹൗസ് സഹകരണ സംഘം.നൂറു കോടിയിലേറെ വിറ്റുവരവുള്ള സ്‌ഥാപനങ്ങളുടെ തലപ്പത്ത് ഐഎഎസ് ഉദ്യോഗസ്‌ഥരോ മാനേജ്‌മെന്റ് വിദഗ്‌ധരോ ആണു വരാറുള്ളതെങ്കിലും ഇവിടെ പത്താംക്‌ളാസുകാര്‍ നേടിയ വിജയം തിളക്കം കൂട്ടുന്നു. തെക്കോട്ടുള്ള 52 കോഫി ഹൗസുകളില്‍ 26 എണ്ണം ലാഭം നേടിയപ്പോള്‍ 26 എണ്ണം നഷ്‌ടത്തിലുമായിരുന്നു. തിരുവനന്തപുരത്തു തമ്പാനൂര്‍ ബസ് സ്‌റ്റാന്‍ഡിനു സമീപമുള്ള കോഫി ഹൗസാണു വരവില്‍ ഒന്നാം സ്ഥാനത്ത്. എല്ലാ പ്രധാന ബസ് സ്‌റ്റാന്‍ഡുകളിലെയും വൃത്തിഹീനമായ കന്റീനുകള്‍ ഒഴിവാക്കി ഇന്ത്യന്‍ കോഫി ഹൗസ് സ്‌ഥാപിക്കാനുള്ള നീക്കത്തിലാണു കെഎസ്‌ആര്‍ടിസി. 18 ബസ് സ്‌റ്റാന്‍ഡുകള്‍ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും അങ്കമാലിയിലും തമ്പാനൂരും മാത്രമാണു ധാരണയായിട്ടുള്ളത്.
കോഫി ഹൗസില്‍ വരുന്ന ഉപഭോക്‌താക്കള്‍ നല്‍കുന്ന ടിപ് ഉപയോഗിച്ചു പെന്‍ഷന്‍ പദ്ധതിയും നടപ്പാക്കിയിട്ടുണ്ടെന്നതാണ് ഏറ്റവും കൗതുകകരം. മാസം ആറു ലക്ഷം രൂപ ടിപ് ഇനത്തില്‍ കിട്ടുന്നുണ്ട്. ടിപ് കിട്ടുന്ന വെയ്‌റ്റര്‍മാര്‍ ഒരു പെട്ടിയിലിടുകയാണു പതിവ്. വര്‍ഷം 70 ലക്ഷം രൂപയിലേറെ ഈ ഇനത്തില്‍ ലഭിക്കുന്നു. അതൊരു കോര്‍പസ് ഫണ്ടാക്കി അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചു വിരമിച്ച ജീവനക്കാര്‍ക്കു മാസം 1700 രൂപ പെന്‍ഷന്‍ നല്‍കുന്നു. ജീവനക്കാരുടെ ആണ്‍മക്കള്‍ക്കെല്ലാം ഇവിടെ ജോലി നല്‍കും. ഏഴു വര്‍ഷം സര്‍വീസുള്ളവര്‍ക്കു ജോലിയിലേക്ക് ഒരാളെ നോമിനേറ്റ് ചെയ്യാം.
കൊച്ചി കാക്കനാട് കലക്‌ടറേറ്റും ഹൈക്കോടതിയും ബസ് സ്‌റ്റാന്‍ഡുകളും ഉള്‍പ്പെടെ ഇക്കൊല്ലം പത്തിലേറെ പുതിയ ബ്രാഞ്ചുകള്‍ വരുമെന്നു കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം സെക്രട്ടറി എസ്.എസ്. അനില്‍കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha