ലക്ഷക്കണക്കിന് ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
രാജ്യത്തെ അഞ്ചു ലക്ഷം അതിസമ്പന്നരായ ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആര്‍ബിഐയുടെയോ റെഗുലേറ്ററി അതോറിറ്റിയുടെയോ അംഗീകാരമില്ലാത്ത ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പ് വ്യക്തമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച രാജ്യത്തെ ഏഴ് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധന നടത്തിയിരുന്നു.
ഇടപാടുകാരുടെ വിവരങ്ങള്‍ നികുതിവെട്ടിക്കല്‍ തുടങ്ങിയവ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 20 ലക്ഷം ഇടപാടുകാരാണ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ സജീവ ഇടപാടുകാരായി ഉണ്ടായിരുന്നത് നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷംവരെ അംഗങ്ങളാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിറ്റ്‌കോയിന് നിക്ഷേപത്തിലൂടെയും ഇടപാടിലൂടെയും നേടിയ ലാഭത്തിന് മൂലധന നേട്ട നികുതി നല്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് വ്യാപാരത്തിന് അംഗീകാരം ലഭിക്കാത്തതിനാലും നിയമവിരുദ്ധമായതിനാലും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് നടപടി സ്വീകരിക്കാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha