കാത്തലിക് സിറിയന്‍ ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍, 82 പ്രൊബേഷണറി ഓഫിസര്‍മാര്‍ക്ക് ബാങ്ക് നോട്ടീസ് നല്‍കി
പെന്‍ഷന്‍കാര്‍ക്കെതിരെ വാളെടുത്ത കാത്തലിക് സിറിയന്‍ ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍. 82 പ്രൊബേഷണറി ഓഫിസര്‍മാര്‍ക്ക് ബാങ്ക് നോട്ടീസ് നല്‍കി. പിരിച്ചു വിടാതിരിക്കാന്‍ ജനുവരി 25നകം കാരണം കാണിക്കാനാണ് നോട്ടീസില്‍ പറയുന്നത്. മികച്ച ജോലി കിട്ടിയതിന്റെ ബലത്തില്‍ ജീവിതം കെട്ടിപ്പടുത്തു തുടങ്ങിയ 82 യുവാക്കള്‍ കടുത്ത ആശങ്കയിലാണ്.
പ്രൊബേഷണറി ഓഫിസര്‍മാരുടെ കൂട്ട പിരിച്ചു വിടല്‍ ബാങ്കിങ് വൃത്തങ്ങളിലും അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. 2016 ആദ്യമാണ് പ്രൊബേഷണറി ഓഫിസര്‍മാരെ നിയമിച്ചത്. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മുറക്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമനം എന്നായിരുന്നു വ്യവസ്ഥ. എന്‍.ഐ.ഐ.ടിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സില്‍ ഇവര്‍ക്ക് പരിശീലനം നല്‍കി.
പരിശീലനം നല്‍കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ അതിന്റെ പേരില്‍ 45,000 രൂപ വീതം ഇവരില്‍ നിന്നും ഈടാക്കിയിരുന്നു. മൂന്നു വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയുടെ ബോണ്ടും വാങ്ങി. ജോലിയില്‍ മികവ് പോരെന്നും ബിസിനസ് ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞാണ് ബാങ്ക് ഇവരെ ഒഴിവാക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ബാങ്ക് നേരിടുന്ന തകര്‍ച്ചയുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ബാങ്കിങ് രംഗത്തെ ജീവനക്കാരുടെ സംഘടന വൃത്തങ്ങള്‍ ചോദിക്കുന്നു. ബാങ്കിലെ അവസ്ഥ അടിയന്തരാവസ്ഥക്ക് സമാനമാണ്.
ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ ആസ്തികള്‍ വിറ്റൊഴിക്കാനുള്ള നീക്കം ജീവനക്കാരാണ് ചെറുത്തത്. ബാങ്കിന്റെ ഓഹരി വാങ്ങാന്‍ വന്ന കനേഡിയന്‍ വ്യവസായി പ്രേം വാട്‌സ, ബാങ്ക് അവകാശപ്പെടുന്ന മൂല്യം ഓഹരിക്കില്ലെന്ന് കണ്ട് പിന്മാറി. മൂലധന സമാഹരണത്തിന് പല വഴിക്ക് പായുകയാണ്.
ഒരു വഴിക്ക് ഇത്തരം പ്രതിസന്ധി നേരിടുമ്പോള്‍ മറുഭാഗത്ത് കെടുകാര്യസ്ഥത കൊടികുത്തുകയാണെന്ന് ജീവനക്കാരുടെ സംഘടന വൃത്തങ്ങള്‍ പറയുന്നു.
വായ്പക്ക് ഈട് സ്വീകരിച്ച വസ്തു തിരിച്ചുനല്‍കി പകരം മൂല്യം കുറഞ്ഞ ഈട് വാങ്ങിവെച്ച് ഉന്നത തലങ്ങളില്‍ ക്രമക്കേട് നടക്കുന്നതായും ആക്ഷേപമുണ്ട്. ബാങ്കിന്റെ ഇത്തരം പോക്ക് പരസ്യമായി ചൂണ്ടിക്കാട്ടിയതിന് റിട്ടയറീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നന്ദകുമാറിന്റെ പെന്‍ഷന്‍ തടയുമെന്ന് കഴിഞ്ഞയാഴ്ച കാത്തലിക് സിറിയന്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha