പുതിയ സീരീസ് നോട്ടിന് കേടുപാടുകൾ സംഭവിച്ചാൽ ഇനി ബാങ്കുകള്‍ മാറ്റി നൽകില്ല
കേടുവരുത്തി വികൃതമാക്കുന്ന കറന്‍സി നോട്ടുകള്‍ ഇനി ബാങ്കിൽ സ്വീകരിക്കുകയില്ല. കീറിയതും മഷി പറ്റിയതുമായ പുതിയ സീരീസ് നോട്ടുകള്‍ ബാങ്കുകള്‍ ഇനി മാറ്റി നൽകില്ല. എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ എത്ര മൂല്യമുള്ള നോട്ടാണെങ്കിലും ഉപയോഗശൂന്യമാകും. അത് പിന്നെ കളയുകയേ നിവൃത്തിയുള്ളൂ. ഒരു വര്‍ഷമായി വിനിമയത്തിലുള്ള 2,000, 500 രൂപ നോട്ടുകളില്‍ പലതും ചെറുതായി കീറുകയോ, മഷിപുരളുകയോ ചെയ്തിട്ടുണ്ട്. 200, 50 രൂപയുടെ പുതിയ നോട്ടുകള്‍ പ്രചാരം കുറവായതിനാല്‍ ഇതു വരെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പുതിയ സീരീസിലുള്ള 2,000, 500, 200, 50 രൂപ നോട്ടുകൾക്കാണ് ഇത് ബാധകം.
ബാങ്കുകളില്‍ ഇതു മാറ്റി വാങ്ങാനോ, വിനിമയം ചെയ്യാനോ കഴിയില്ല. പുതിയ സീരീസ് നോട്ടുകള്‍ മാറി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറങ്ങാത്തതാണു കാരണം. നോട്ടുമായി ബാങ്കിലെത്തിയാല്‍ ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണു കിട്ടുന്നത്. നോട്ടുകള്‍ കെട്ടുകളായി വയ്ക്കുമ്പോള്‍ പലപ്പോഴും വശങ്ങള്‍ കേടുവരുന്നുണ്ട്. 2,000, 500 പോലെയുള്ള ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഉപയോഗശൂന്യമാകുന്നതു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ബാങ്ക് എടിഎമ്മുകളില്‍ നിന്നു കേടായ നോട്ടു ലഭിച്ചാല്‍ അതേ ശാഖയിൽ നിന്ന് പോലും മാറ്റി നൽകുന്നില്ലെന്നാണ് പരാതി.
https://www.facebook.com/Malayalivartha