ഇ-വേ ബില്‍ സംവിധാനം ആദ്യദിനം സര്‍വര്‍ തകരാറിലായി
അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് ബുധനാഴ്ച നിലവില്‍ വന്ന ഇവേ ബില്‍ സംവിധാനം ആദ്യദിനം സര്‍വര്‍ തകരാറില്‍ കുരുങ്ങി. ചരക്കിന്റെ വിവരങ്ങള്‍ ഒരുമിച്ച് ചരക്കുസേവന നികുതി ശൃംഖലയിലേക്ക് (ജി.എസ്.ടി.എന്‍) നല്‍കാനുള്ള ശ്രമമാണ് സെര്‍വര്‍ തകരാറിന് വഴിവെച്ചത്. വിവരങ്ങള്‍ നല്‍കാന്‍ കഴിയാതെ നിരവധി വ്യാപാരികള്‍ ശ്രമം ഉപേക്ഷിച്ചതിനാല്‍ വൈകീട്ടോടെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, വരും ദിവസങ്ങളിലും പ്രശ്‌നം ആവര്‍ത്തിക്കാനാണ് സാധ്യത.
അരലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനാണ് ഇവേ ബില്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിന് സംവിധാനം ബാധകമാണെങ്കിലും തല്‍ക്കാലം നിര്‍ബന്ധമാക്കിയിട്ടില്ല. ചരക്ക് കയറ്റിയയക്കുന്ന വ്യാപാരിയോ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇവേ ബില്‍ തയ്യാറാക്കേണ്ടത്. കൊണ്ടുപോകുന്ന ചരക്കിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ജി.എസ്.ടിഎന്നിലേക്ക് നല്‍കിയശേഷം ബില്ലിന്റെ പകര്‍പ്പെടുത്ത് ചരക്ക് കടത്തുന്ന വാഹനത്തില്‍ സൂക്ഷിക്കണം.
ജി.എസ്.ടി സ്‌ക്വാഡ് ബില്ലിലെ വിവരങ്ങള്‍ ഓണ്‍ലൈനിലെ വിവരങ്ങളുമായി ഒത്തുനോക്കി ആധികാരികമാണെന്ന് ഉറപ്പാക്കും. ചരക്ക് കടത്തുന്ന എല്ലാ വ്യാപാരികളും ബുധനാഴ്ച കൂട്ടത്തോടെ ശൃംഖലയിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചതോടെ സെര്‍വര്‍ തകരാറിലാകുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോള്‍ വ്യാപാരികള്‍ പിന്‍മാറിയതാണ് തകരാര്‍ താനേ പരിഹരിക്കപ്പെടാന്‍ കാരണം.
സെര്‍വര്‍ തകരാര്‍ അടക്കം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത നേരത്തെതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുന്നൊരുക്കമില്ലാതെ സംവിധാനം നടപ്പാക്കിയതാണ് പ്രശ്‌നമായതെന്ന് വ്യാപാരികളും ജി.എസ്.ടി വകുപ്പ് ജീവനക്കാരും പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ കുറച്ചു വ്യാപാരികള്‍ മാത്രമാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് എന്നതിനാലാണ് സര്‍വര്‍ തകരാര്‍ ഉണ്ടാകാതിരുന്നത്
ഇവേ ബില്‍ നടപ്പായാലും ചരക്കിന്റെ അളവ് കുറച്ചും ഇനം മാറ്റിയും നടത്തുന്ന നികുതി വെട്ടിപ്പ് തടയണമെങ്കില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടിവരും. ഇതിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിനും ഇവേ ബില്‍ നിര്‍ബന്ധമാക്കുന്നതോടെ സെര്‍വര്‍ തകരാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha