ലയനശേഷം കേരളത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ വിതരണം ഇടിഞ്ഞു
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ലയിപ്പിച്ചിട്ടും കേരളത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ വിതരണം ഇടിഞ്ഞു. രണ്ട് ബാങ്കായിരുന്ന കാലത്തേക്കാള്‍ വായ്പ നിക്ഷേപ അനുപാതത്തില്‍ കുറവ് നേരിടുകയാണ് കേരളത്തില്‍ എസ്.ബി.ഐ. വായ്പ വിന്യാസം സജീവമല്ലാത്തതും ലയനശേഷം ജീവനക്കാരും ഓഫിസര്‍മാരും നേരിടുന്ന സവിശേഷ പ്രശ്‌നങ്ങളുമാണ് വളര്‍ന്ന നിക്ഷേപത്തിന്റെ തോതില്‍ വായ്പ നല്‍കാന്‍ എസ്.ബി.ഐക്ക് കഴിയാതെ പോകുന്നത്.
സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയിലും എസ്.ബി.ഐ നവംബറില്‍ നടത്തിയ 'ടൗണ്‍ ഹാള്‍ മീറ്റിങ്ങി'ലും ഈ അവസ്ഥ ചര്‍ച്ചക്ക് വന്നെങ്കിലും പരിഹാരമില്ലാതെ തുടരുകയാണ്. 2017 ഏപ്രില്‍ ഒന്നിനാണ് എസ്.ബി.ടി, എസ്.ബി.ഐയില്‍ ലയിച്ചത്. അതിന് തൊട്ടുമുമ്പ്, 2017 മാര്‍ച്ചില്‍ എസ്.ബി.ടിയുടെ വായ്പ നിക്ഷേപ അനുപാതം 42 ശതമാനം ആയിരുന്നെങ്കില്‍ എസ്.ബി.ഐയുടേത് 63 ശതമാനമായിരുന്നു.
ഒറ്റ ബാങ്കായ ശേഷം 2017 ഡിസംബറില്‍ ഇത് 40 ശതമാനമായി ഇടിഞ്ഞു. 2017 മാര്‍ച്ചില്‍ കേരളത്തില്‍ നിക്ഷേപം 1,40,838 കോടി ആയിരുന്നത് 2017 ഡിസംബറില്‍ 1,45,498 കോടിയായി ഉയര്‍ന്നപ്പോള്‍ ഇതേ കാലയളവില്‍ വായ്പ 63,703 കോടിയില്‍ നിന്ന് 58,380 കോടിയായി താഴ്ന്നു.
ഫലത്തില്‍ എസ്.ബി.ടി പോയപ്പോള്‍ കേരളത്തിന് സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ നിന്ന് ലഭിക്കുന്ന വായ്പയില്‍ കുറവ് വന്നു. അതിലുപരി ഒറ്റ ബാങ്ക്, വലിയ ബാങ്ക് എന്ന ആശയം കേരളത്തിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷവുമായി. 2013 ഡിസംബറില്‍ എസ്.ബി.ടിയുടെ വായ്പ നിക്ഷേപ അനുപാതം 58 ശതമാനവും കേരളത്തില്‍ എസ്.ബി.ഐയുടേത് 68 ശതമാനവും ആയിരുന്നു.
2014 മാര്‍ച്ചില്‍ ഇത് യഥാക്രമം 57:64, ജൂണില്‍ 56:55, സെപ്റ്റംബറില്‍ 56:66, 2015 ജൂണില്‍ 52:66, സെപ്റ്റംബറില്‍ 49:62, ഡിസംബറില്‍ 47:66, 2016 മാര്‍ച്ചില്‍ 46:63 എന്ന ക്രമത്തിലായിരുന്നു. ഇതാണിപ്പോള്‍ ഇടിഞ്ഞ് 40 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. അതായത്, എസ്.ബി.ഐ കേരളത്തില്‍നിന്ന് 100 രൂപ നിക്ഷേപം സമാഹരിക്കുമ്പോള്‍ തിരിച്ച് വായ്പയായി നല്‍കുന്നത് 40 രൂപയാണ്.
കിട്ടാക്കടത്തിന്റെ പേരില്‍ വായ്പ വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. കിട്ടാക്കടം വരുത്തിയവരില്‍ 99 ശതമാനവും വന്‍കിട വായ്പക്കാരാണെങ്കിലും ബാധിക്കുന്നത് ചെറുകിട, ഇടത്തരം വായ്പക്ക് സമീപിക്കുന്നവരെയാണ്. ലയന ശേഷം പഴയ എസ്.ബി.ടിക്കാരുടെ ആത്മവീര്യം കെടുത്തുന്ന പല നടപടികളും എസ്.ബി.ഐ കേരള സര്‍ക്കിളില്‍ ഉണ്ടാവുന്നുണ്ട്. ഇതും സേവനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha