കാഴ്ചയില്‍ സുന്ദരം: അത്യാധുനിക കോച്ചുകളുമായി വേണാട് എക്‌സ്പ്രസിന്റെ കന്നിയാത്ര യാത്രക്കാരുടെ മനം നിറച്ചു
യാത്രക്കാരുടെ മനംനിറച്ച് അത്യാധുനിക കോച്ചുകളുമായി വേണാട് എക്‌സ്പ്രസിന്റെ കന്നിയാത്ര. വിമാനത്തെ ഓര്‍മിപ്പിക്കുന്ന കുഷ്യന്‍ സീറ്റുകള്‍, എല്‍.ഇ.ഡി ഡിസ്‌പ്ലേ, മോഡുലാര്‍ ശുചിമുറി, ഫുഡ് ട്രേ എന്നീ സൗകര്യങ്ങളുള്ളതാണ് കോച്ചുകള്‍. അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചുകയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സി.ബി.സി) സാങ്കേതികവിദ്യയുള്ള കോച്ചുകള്‍ കാഴ്ചയിലും സുന്ദരമാണ്. ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് സ്വീകരണവും നല്‍കി.
എ.സി കോച്ചില്‍ മികച്ച സൗകര്യമാണുള്ളത്. നല്ല സീറ്റുകളും ലെഗ് സ്‌പെയിസുമാണ്. അടുത്ത സ്‌റ്റേഷന്‍ കാണിക്കുന്ന എല്‍.ഇ.ഡി ഡിസ്‌പ്ലേയും ശുചിമുറി ഒഴിവ് കാട്ടുന്ന കളര്‍ ഇന്‍ഡിക്കേറ്ററുമുണ്ട്. ബുധനാഴ്ച രാവിലെ ആകാംക്ഷയോടെയാണ് സ്ഥിരം യാത്രക്കാര്‍ സ്‌റ്റേഷനുകളില്‍ എത്തിയത്. പുതുകോച്ച് എങ്ങനെയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. പുറമെ കാഴ്ചയില്‍തന്നെ മുഴുവന്‍ മാര്‍ക്കും നല്‍കിയ യാത്രക്കാര്‍ ഉള്ളിലേക്ക് എത്തിയതോടെ ആഹ്ലാദത്തിമിര്‍പ്പിലായി. പലരും എ.സി അടക്കമുള്ള മറ്റ് ബോഗികളും കയറിയിറങ്ങികണ്ടു. ശുചിമുറിക്ക് യാത്രക്കാര്‍ മുഴുവന്‍ മാര്‍ക്കും നല്‍കി. ഇവ സംരക്ഷിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സി.സി ടി.വി കാമറ ഏര്‍പ്പെടുത്തണമെന്നാവശ്യവും യാത്രക്കാര്‍ മുന്നോട്ടുവെച്ചു. പരശുറാമിനും പുതിയ കോച്ചുകള്‍ വേണമെന്ന് ഇവര്‍ പറഞ്ഞു. 2017ല്‍ പുറത്തിറക്കിയ കോച്ചുകളാണ് വേണാടിനു ലഭിച്ചിരിക്കുന്നത്. ലോക്കോപൈലറ്റ് കെ. വിജയനും അസി. ലോക്കോപൈലറ്റ് കെ.വി. ജയേന്ദ്രനുമാണ് കന്നിയോട്ടത്തിന് ചുക്കാന്‍ പിടിച്ചത്.
ട്രെയിന്‍ വൃത്തിയായി സൂക്ഷിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. ബോഗികളില്‍ അശ്ലീലങ്ങളടക്കം എഴുതരുതെന്നും ഫുഡ് ട്രേ അടക്കം സൂക്ഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
അതേസമയം, ട്രെയിനിനെ ഇരുകൈയും നീട്ടി സ്വീകരിച്ച യാത്രക്കാര്‍, സമയം പാലിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നു. മാസങ്ങളായി വേണാട് വൈകിയാണ് ഓടുന്നത്. ഇതിനെ ആശ്രയിക്കുന്നവര്‍ ഓഫിസുകളിലടക്കം വൈകിയെത്തുന്നത് പതിവാണ്. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധത്തിലായിരുന്നു.
https://www.facebook.com/Malayalivartha