ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വായ്പ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കാനൊരുങ്ങി
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വായ്പ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 12,000ത്തിലധികം കോടിയുടെ വായ്പ തട്ടിപ്പ് നടന്നിട്ടും വര്‍ഷങ്ങളോളം കണ്ടെത്താനായില്ലെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് സെബിയുടെ നടപടി.
നിര്‍ദേശം ഈ മാസം നടക്കുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് സെബി അധികൃതര്‍ കോര്‍പറേറ്റ്കാര്യ, ധനകാര്യ മന്ത്രാലയങ്ങളുമായി പ്രാഥമിക ചര്‍ച്ച നടത്തി. വായ്പ തിരിച്ചടവിലെ വീഴ്ചക്ക് പരിധി നിശ്ചയിക്കുന്നതടക്കം തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. പരിധി അഞ്ചുകോടിയില്‍ താഴെയായിരിക്കണമെന്നും അതല്ല 50 കോടി വരെയാക്കണമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
കൂടാതെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഭരണനടത്തിപ്പില്‍ കാതലായ ഭേദഗതി നിര്‍ദേശിക്കുന്ന പ്രമുഖ ബാങ്കര്‍ ഉദയ് കൊഡാക്കിന്റെ നേതൃത്വത്തിലെ ഉന്നതതല സമിതി റിപ്പോര്‍ട്ടും ചര്‍ച്ചക്ക് വന്നേക്കും.
നിര്‍ദേശം നടപ്പായാല്‍ നിക്ഷേപകര്‍ക്ക് അത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ലിസ്റ്റ് ചെയ്ത കമ്പനികളെയും ബാങ്കുകളെയും കുറിച്ച് മുന്‍കൂര്‍ ധാരണയുണ്ടാക്കാന്‍ ഇതുമൂലം നിക്ഷേപകര്‍ക്കാവും.
വായ്പ വിവരം വെളിപ്പെടുത്തല്‍ നിര്‍ദേശം സെബി കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് നടപ്പാക്കാന്‍ ഒരുങ്ങിയെങ്കിലും അത് വിപണിയില്‍ ഭീതി ജനിപ്പിക്കുമെന്ന ബാങ്കിങ് മേഖലയിലുള്ളവരുടെ പരാതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ മേഖലയില്‍ കടുത്ത ഇടപെടല്‍ ആവശ്യമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha